ആലപ്പുഴ: വേമ്പനാട് കായല്‍ പുനരുജ്ജീവന, സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജനകീയ പ്ലാസ്റ്റിക് മുക്ത വേമ്പനാട് മെഗാ കാമ്പയിനിന്റെ രണ്ടാം ഘട്ടത്തില്‍ 9235.5 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നീക്കിയതായി ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എഴുപുന്ന, കോടംതുരുത്ത്, പട്ടണക്കാട്, തുറവൂര്‍, പുളിങ്കുന്ന്, നീലംപേരൂര്‍, ചമ്പക്കുളം, വെളിയനാട്, രാമങ്കരി, തകഴി, അരൂക്കുറ്റി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് മെഗാ ശുചീകരണം നടന്നത്. ബാക്കി ഗ്രാമപഞ്ചായത്തുകളില്‍ വരും ദിവസങ്ങളില്‍ ശുചീകരണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
വേമ്പനാട് കായലുമായി ബന്ധപ്പെട്ട് കിടക്കുന്ന ആലപ്പുഴ ജില്ലയിലെ 31 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ‘പ്ലാസ്റ്റിക് വിമുക്ത വേമ്പനാട്’ മെഗാ ക്യാമ്പയിന്‍ നടന്നുവരുകയാണ്. ഒന്നാം ഘട്ടത്തില്‍ ആലപ്പുഴ, ചേര്‍ത്തല നഗരസഭകളിലും അരൂക്കുറ്റി, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, ചേന്നംപള്ളിപ്പുറം, തണ്ണീര്‍മുക്കം, മുഹമ്മ, മണ്ണഞ്ചേരി, ആര്യാട്, കൈനകരി ഗ്രാമപഞ്ചായത്തുകളിലെ തെരഞ്ഞെടുത്ത കായല്‍ ഭാഗങ്ങളില്‍ നിന്നും പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്യുന്നതിനുളള ശുചീകരണയജ്ഞം സംഘടിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ 12 ടണ്‍ പ്ലാസ്റ്റിക് മാലിന്യം നീക്കിയിരുന്നു.