വൈകല്യമുള്ള ആളുകളെ പരിഹസിച്ചാല്‍ പിഴ ചുമത്തുമെന്ന് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും യുട്യൂബര്‍മാര്‍ക്കും മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.
ഇത്തരത്തില്‍ വൈകല്യമുള്ള ആളുകള്‍ക്ക് നേരെ പരാമര്‍ശം നടത്തിയ യുട്യൂബര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്‍ രണ്‍വീര്‍ ഉള്‍പ്പടെയുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.
കൊമേഡിയന്‍ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീര്‍ അലഹബാദിയ നടത്തിയ പരാമര്‍ശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.