കോഴിക്കോട്: വൈദ്യുതി തടസ്സപ്പെടുമ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസി പൂര്‍ണമായും ഇരുട്ടിലാകുന്നു. വൈദ്യുതി ഇല്ലാതെ മരുന്ന് വിതരണം സാധ്യമാകാത്ത അവസ്ഥയിലാണ് ഫാര്‍മസി. ഇരുട്ടില്‍ മൊബൈല്‍ വെളിച്ചം ആശ്രയിച്ചാണ് ജീവനക്കാര്‍ മരുന്നുകള്‍ കണ്ടെത്തി നല്‍കുന്നത്.
യു.പി.എസ്. സൗകര്യം ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കംപ്യൂട്ടര്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ മരുന്ന് ബില്ലുകള്‍ പോലും ഇരുട്ടില്‍ എഴുതി നല്‍കേണ്ടിവരുന്നു. യു.പി.എസ്. സ്ഥാപിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് സ്റ്റോര്‍ ഇന്‍ചാര്‍ജ് പറഞ്ഞു.
പ്രതിസന്ധി തുടങ്ങി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരിഹാരം കാണാത്തതിനാല്‍ നിര്‍ധനരായ നൂറുകണക്കിന് രോഗികള്‍ക്ക് മരുന്ന് ലഭിക്കുന്നതില്‍ ഗുരുതരമായ ബുദ്ധിമുട്ടാണ് നേരിടുന്നത്. പ്രശ്നം അടിയന്തിരമായി പരിഹരിക്കണമെന്നാണ് രോഗികളുടെ ആവശ്യം.