തിരുവനന്തപുരം: വൈലോപ്പിള്ളി സംസ്‌കൃതിഭവനില്‍ പ്രണയ സംഗീതത്തിന്റെ മൂന്നു കാലങ്ങള്‍ മൂന്ന് സന്ധ്യകളിലായി പുനരവതരിക്കുന്ന അനുരാഗത്തിന്റെ ആഗസ്ത് ആരംഭിച്ചു. സാംസ്‌കാരിക വകുപ്പു ഡയറക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ അനുരാഗത്തിന്റെ ആഗസ്റ്റ് ഉദ്ഘാടനം ചെയ്തു. വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ വൈസ് ചെയര്‍മാന്‍ ജി.എസ്.പ്രദീപ് അധ്യക്ഷത വഹിച്ചു.
അമ്മ ജനറല്‍ സെക്രട്ടറി കുക്കുപരമേശ്വരന്‍ ആശംസയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മെമ്പര്‍ സെക്രട്ടറി പി.എസ്.മനേക്ഷ് സ്വാഗതവും പറഞ്ഞു. 1980 വരെയുള്ള പ്രണയഗാനങ്ങള്‍ ഉള്‍പ്പെടുത്തി അനുരാഗഗാനം പോലെ ഗാനസന്ധ്യ കല്ലറ ഗോപന്‍, ജി.ശ്രീറാം, ബിജോയ്, അപര്‍ണ രാജീവ്, നാരായണി ഗോപന്‍, കാഞ്ചന ശ്രീറാം എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറി.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പ്രണയ ഗാനങ്ങളുടെ ആലാപന മത്സരത്തില്‍ ഒന്നാം സമ്മാനം മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ രമ്യ.ഐ, രണ്ടാം സമ്മാനം മെഡിക്കല്‍ കോളേജിലെ ജയചന്ദ്രന്‍ എല്‍, മൂന്നാം സമ്മാനം പൊതുമരാമത്ത് വകുപ്പിലെ സന്തോഷ് കുമാര്‍ എന്നിവര്‍ കരസ്ഥമാക്കി. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
1980 മുതല്‍ 2000 വരെയുള്ള പ്രണയഗാനങ്ങള്‍ ഉള്‍പ്പെടുത്തി തേനും വയമ്പും പരിപാടിയില്‍ പ്രദീപ് സോമസുന്ദരം, രവിശങ്കര്‍, നിഷാദ്, രാജലക്ഷ്മി, സരിതാ രാജീവ് എന്നിവര്‍ ഗാനാലാപനം നടത്തി. രാവിലെ ഹയര്‍സെക്കന്‍ഡറി, കോളേജ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി പ്രണയഗാനാലാപനം സംഘടിപ്പിച്ചു. ഇന്ന് 6ന് 2000 മുതല്‍ 2025 വരെയുള്ള പ്രണയഗാനങ്ങള്‍ ഉള്‍പ്പെടുത്തി അഴലിന്റെ ആഴങ്ങളില്‍ ഗാനസന്ധ്യ നടക്കും. ദേവാനന്ദ് എസ്.പി. ദേവിക വി. നായര്‍ എന്നിവര്‍ അരങ്ങിലെത്തും. രാവിലെ പൊതുവിഭാഗത്തിനുള്ള പ്രണയഗാനാലാപന മത്സരം അരങ്ങേറി.