• Wed. Sep 17th, 2025

24×7 Live News

Apdin News

വൈശാലിക്ക് ലഭിക്കുക 35 ലക്ഷം രൂപ; ചെസ്സില്‍ രണ്ട് ലോകതാരങ്ങളെ സൃഷ്ടിച്ചൂ ഈ അമ്മ

Byadmin

Sep 17, 2025



ന്യൂദല്‍ഹി: തമിഴ്നാട്ടില്‍ നിന്നുള്ള ആര്‍. വൈശാലി ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ ചാമ്പ്യനായതോടെ ഏകദേശം 35 ലക്ഷം രൂപയുടെ സമ്മാനത്തുകയാണ് അവര്‍ക്ക് ലഭിക്കുക. തുടര്‍ച്ചയായി രണ്ട് തവണ ഈ കിരീടം സ്വന്തമാക്കുക എന്ന അപൂര്‍വ്വ ചരിത്രനേട്ടത്തില്‍ നില്‍ക്കുമ്പോഴും വൈശാലിയുടെ മുഖത്ത് ആ ഗ്രാമത്തിന്റെ ചൈതന്യവും നിഷ്കളങ്കതയും തുടിയ്‌ക്കുന്നു.

ആ നിഷ്കളങ്കതയ്‌ക്കും ചൈതന്യത്തിനും പിന്നില്‍ ഒരു അമ്മയുണ്ട്. വൈശാലിയെ വൈശാലിയാക്കിയ തമിഴ്നാട്ടിലെ ഒരു സാധാരണ വീട്ടമ്മ- നാഗലക്ഷ്മി. തമിഴ്നാട് സഹകരണബാങ്കില്‍ ഇപ്പോള്‍ ബ്രാഞ്ച് മാനേജരായ രമേഷ്ബാബു എന്ന സാധാരണ ബാങ്ക് ഉദ്യോഗസ്ഥന്റെ വീട്ടമ്മയായ ഭാര്യ. രണ്ട് മക്കളാണ് ഇവര്‍ക്ക്. മൂത്തത് പെണ്‍കുട്ടി, അതാണ് വൈശാലി. രണ്ടാമത്തേത് പ്രജ്ഞാനന്ദ എന്ന മകന്‍. രണ്ടുപേരും ഇന്ന് ലോകമാകെ അറിയപ്പെടുന്ന ചെസ് പ്രതിഭകളാണ്.

രണ്ട് മക്കള്‍ക്കും ചെസ്സില്‍ എല്ലാ പിന്തുണയും നല്‍കി പിന്നില്‍ നാഗലക്ഷ്മി ഉറച്ചുനിന്നു. മക്കളുടെ സന്തോഷം മാത്രമായിരുന്നു ഈ അമ്മയുടെയും സന്തോഷം. രമേഷ് ബാബു ജോലിയില്‍ വ്യാപൃതനായതിനാല്‍ മത്സരങ്ങള്‍ക്ക് ചെറുപ്പകാലം മുതലേ കൂട്ടിക്കൊണ്ടുപോയിരുന്നത് നാഗലക്ഷ്മിയാണ്.

കഴിവ്, കഠിനാധ്വാനം, കുടുംബത്തില്‍ നിന്നുള്ള പിന്തുണ- ഇത് മൂന്നും ഉണ്ടെങ്കില്‍ ആര്‍ക്കും ചെസില്‍ ഉയരങ്ങള്‍ കീഴടക്കാമെന്നതാണ് ഇവരുടെ ജീവിതം പറയുന്നത്. അമ്മയാണ് ആദ്യമായി പ്രജ്ഞാനന്ദയെ ഭസ്മക്കുറി തൊടുവിച്ചത്. ശിവന്റെ അനുഗ്രഹത്തിന് അത് നല്ലതാണെന്ന് അമ്മ കരുതുന്നു. അമ്മയുടെ ആ ഉപദേശം ഇന്നും ദൈവാജ്ഞ പോലെ പ്രജ്ഞാനന്ദ പിന്തുടരുന്നു. അങ്ങ് ടൊറന്‍റോയിലായാലും ന്യൂയോര്‍ക്കിലായാലും പ്രജ്ഞാനന്ദയുടെ നെറ്റിയില്‍ ഭസ്മക്കുറിയുണ്ടാകും. മാത്രമല്ല, ലോകത്ത് എവിടെപ്പോകുമ്പോഴും അമ്മ മക്കള്‍ക്ക് കഴിയുന്നതും സ്വയം പാകം ചെയ്ത ഭക്ഷണം നല്‍കാന്‍ ശ്രമിയ്‌ക്കുന്നു.

വൈശാലിയുടെയും പ്രജ്ഞാനന്ദയുടെയും സ്വഭാവം രണ്ട് തരത്തിലാണ്. വൈശാലി അന്തര്‍മുഖയാണ്. ഒരു പാട് ചിന്തിക്കുന്ന കൂട്ടത്തിലാണ്. പ്രജ്ഞാനന്ദയാകട്ടെ ബഹിര്‍മുഖനും കൂട്ട്കെട്ട് ആസ്വദിക്കുന്ന, നല്ല നര്‍മ്മബോധമുള്ള ആളാണ്. ഭക്ഷണവും നന്നായി ആസ്വദിക്കും.

ചെസിനോട് ഇത്രയ്‌ക്കും അഭിനിവേശം അവരില്‍ ഉണര്‍ന്നതും വളര്‍ന്നതും അച്ഛന്‍ വഴിയാണ്. നല്ലൊരു ചെസ് കളിക്കാരനായ രമേഷ് ബാബു ആദ്യം വൈശാലിയെ ചെസ് പഠിപ്പിച്ചു. മകളുടെ ചെസിലുള്ള പ്രാവീണ്യം ബോധ്യമായപ്പോള്‍ ഏഴാം വയസ്സില്‍ അവളെ ചെസ് കോച്ചിംഗിന് വിട്ടു. മകളുടെ ശ്രദ്ധ ടെലിവിഷനില്‍ നിന്നും മാറിക്കോട്ടെ എന്ന് കരുതിക്കൂടിയാണ് ഇത് ചെയ്തത്. കോച്ചിംഗിന് പോയ ശേഷം മകള്‍ കൂടുതല്‍ നേരം വീട്ടില്‍ തന്നെ ചെസ് ബോര്‍ഡില്‍ ചെലവഴിക്കുന്നതാണ് കണ്ടത്.

അനുജനെ കരുക്കന്‍ നീക്കാന്‍ പഠിപ്പിച്ച ചേച്ചി

കളിയുടെ ആഴങ്ങള്‍ തേടി വൈശാലി പോകുമ്പോള്‍ അത് സസൂക്ഷ്മം നിരീക്ഷിച്ച് അവളുടെ നാല് വയസ്സുകാരന്‍ അനുജനും അതിനോട് താല്‍പര്യമായി. അങ്ങിനെ വൈശാലി പ്രജ്ഞാനന്ദയെയും ചെസ് പഠിപ്പിച്ചു. പിന്നീട് വൈശാലി സംസ്ഥാന-ദേശീയ ചെസ് മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി. പക്ഷെ അനുജന്‍ ചേച്ചിയെ വെട്ടിച്ച് ദ്രുതഗതിയില്‍ ഉയരങ്ങള്‍ കീഴടക്കി. തന്റെ 12ാം വയസ്സില്‍ പ്രജ്ഞാനന്ദ ചെസില്‍ ഗ്രാന്‍റ് മാസ്റ്ററായി. കൃത്യമായി പറഞ്ഞാല്‍ 12 വയസ്സും പത്ത് മാസവും 13ദിവസവും ഉള്ളപ്പോഴാണ് ഗ്രാന്‍റ് മാസ്റ്റര്‍ പട്ടം കിട്ടിയത്. മാസവും ദിനങ്ങളും പ്രധാനമാണ്. കാരണം ഗുകേഷ് പ്രജ്ഞാനന്ദയേക്കാള്‍ നേരത്തെ ഗ്രാന്‍റ് മാസ്റ്റര്‍ പദവി നേടിയ താരമാണ്. 12 വയസ്സും ഏഴ് മാസവും 17 ദിവസവും ഉള്ളപ്പോള്‍ ഗുകേഷിന് ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടി. പ്രജ്ഞാനന്ദയ്‌ക്ക് ഇത്ര ചെറിയ പ്രായത്തില്‍ ഗ്രാന്‍റ് മാസ്റ്റര്‍ പദവി കിട്ടിയത് വൈശാലിയെ വേദനിപ്പിച്ചിരുന്നു. താന്‍ കളി പഠിപ്പിച്ച സഹോദരന്‍ തന്നേക്കാള്‍ മുന്നിലെത്തിയിരിക്കുന്നു. പ്രജ്ഞാനന്ദ ഓരോ വലിയ നേട്ടങ്ങളും സമ്മാനിച്ച് വീട്ടില്‍ എത്തുമ്പോള്‍ മാധ്യമക്കാര്‍ വൈശാലിയോട് ചോദിക്കുന്ന സ്ഥിരം ചോദ്യമുണ്ട്:”അനുജന്റെ ഈ നേട്ടത്തില്‍ എന്ത് തോന്നുന്നു?”. അതിന് ഉത്തരം പറയുമ്പോഴും വൈശാലിയുടെ ഉള്ളില്‍ നീറ്റലാണ്. പിന്നീട് പത്ത് വര്‍ഷം കൂടി കാത്തിരുന്നതാണ് വൈശാലിക്ക് ഗ്രാന്‍റ് മാസ്റ്റര്‍ പദവി ഫിഡെ (അന്താരാഷ്‌ട്ര ചെസ് ഫെഡറേഷന്‍ ) നല്‍കുന്നത്. തന്റെ 22ാം വയസ്സിലാണ് വൈശാലി ചെസില്‍ ഗ്രാന്‍റ് മാസ്റ്ററായത്. ഇന്ത്യയിലെ മൂന്നാമത്തെ വനിതാ ഗ്രാന്‍റ് മാസ്റ്ററായിരുന്നു.

By admin