• Mon. Nov 17th, 2025

24×7 Live News

Apdin News

വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സാങ്കേതിക കാരണങ്ങളാല്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി

Byadmin

Nov 17, 2025



കൊച്ചി:തിരുവനന്തപുരം കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സാങ്കേതിക കാരണങ്ങളാല്‍ നിഷേധിക്കരുതെന്ന് ഹൈക്കോടതി. പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഈ മാസം 20നുള്ളില്‍ ജില്ലാ കളക്ടര്‍ തീരുമാനം എടുക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വൈഷ്ണ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.വൈഷ്ണക്കെതിരെ പരാതി നല്‍കിയ സിപിഎം നടപടിയെ ഹൈക്കോടതി വിമര്‍ശിച്ചു.ഒരു യുവ സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ വരുമ്പോള്‍ ഇങ്ങനെയാണോ കാണിക്കേണ്ടതെന്നും കോടതി ചോദിച്ചു.

സാങ്കേതികത്വം പറഞ്ഞ് 24 വയസുള്ള കുട്ടിയെ മത്സരിപ്പിക്കാതെ ഇരിക്കരുതെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടപ്പോള്‍ കോര്‍പ്പറേഷന് ഇതില്‍ എന്താണ് കാര്യമെന്നാണ് ഹൈക്കോടതി ചോദിച്ചത്. കോര്‍പ്പറേഷന്‍ അനാവശ്യമായി ഇടപെടരുതെന്നും കോടതി പറഞ്ഞു.ഹര്‍ജിക്കാരിയും പരാതിക്കാരനും ചൊവ്വാഴ്ച ജില്ലാ കളക്ടര്‍ക്ക് മുമ്പാകെ ഹാജരാകണം.

അന്തിമ വോട്ടര്‍ പട്ടികയിലും സപ്ലിമെന്ററി പട്ടികയിലും വൈഷ്ണയുടെ പേരില്ല.തിരുവനന്തപുരം മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റായ വൈഷ്ണ.പേര് ഒഴിവാക്കിയതോടെ വൈഷ്ണയുടെ സ്ഥാനാര്‍ത്ഥിത്വവും ഇല്ലാതാകുമെന്ന അവസ്ഥയിലാണ്.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തപ്പോള്‍ അപേക്ഷിച്ച വീട്ട് നമ്പര്‍ തെറ്റായി നല്‍കിയതാണ് തിരിച്ചടിയായത്. പേര് ഒഴിവാക്കിയതിനെതിരെ വൈഷ്ണ തിരുവനന്തപുരം ജില്ല കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി പരിഗണിച്ച് തീരുമാനമെടുക്കാനാണ് ഹൈക്കോടതയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നത്.സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിത്വം നഷ്ടമാകുമെന്ന അവസ്ഥയില്‍വൈഷ്ണ സുരേഷ് രാവിലെ കളക്ടേറ്റിലെത്തി അപ്പീല്‍ നല്‍കിയിരുന്നു. സപ്ലിമെന്ററി ലിസ്റ്റില്‍ പേരില്ലാത്തതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം.

 

 

 

By admin