ഇന്‍ഡ്യ സഖ്യത്തിന്റെ വോട്ടര്‍പട്ടിക ക്രമക്കേടിനെതിരേയുള്ള പ്രതിഷേധങ്ങള്‍ക്ക് ഇന്ന് ആരംഭിക്കും. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുക. ഇന്നലെ ക്രമക്കേടുകളുടെ തെളിവുകള്‍ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പുറത്തുവിട്ടിരുന്നു. രാവിലെ 10:30 ന് ഇന്‍ഡ്യ സഖ്യത്തിലെ പ്രമുഖനേതാക്കളെ അണിനിരത്തി ബംഗളൂരുവിലെ ഫ്രീഡം പാര്‍ക്കിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കര്‍ണാടകത്തില്‍ കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍പ്പട്ടികയില്‍ അനധികൃതമായി വോട്ട് മോഷണം നടത്തിയെന്നും ആളുകളെ ചേര്‍ത്തുവെന്നും ആരോപിച്ചാണ് പ്രതിഷേധം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയ നേതാക്കല്‍ ഉള്‍പ്പടെ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാദേവപുര, ഗാന്ധിനഗര്‍ നിയമസഭാ മണ്ഡലങ്ങളില്‍ അനധികൃതമായി വോട്ടര്‍മാരെ ഉള്‍പ്പെടുത്തിയെന്നതിന് തെളിവുണ്ടെന്ന് ശിവകുമാര്‍ ആരോപിച്ചിരുന്നു. ഈ തെളിവുകള്‍ ഉള്‍പ്പെടുത്തിയാണ് ഇന്നലെ രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തിയത്. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് ഇന്‍ഡ്യ സഖ്യം മാര്‍ച്ച് നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിരെയുള്ള സമരത്തിന്റെ തുടക്കമാണിതെന്ന് ഇന്‍ഡ്യ സഖ്യനേതാക്കള്‍ അറിയിച്ചു.