തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. കോണ്‍ഗ്രസ് നേതാവ് ടി.എൻ പ്രതാപൻ നൽകിയ പരാതിയിൽ, ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി.
എന്നാൽ ഇടക്കാല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് നിഗമനത്തിലെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന മുറയ്‌ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പോലീസ് വ്യക്തമാക്കി.
നിലവില്‍ ലഭ്യമായ രേഖകള്‍ വച്ച് കേസെടുക്കാനാവില്ല.അതേസമയം പരാതിക്കാരന് കോടതിയെ സമീപിക്കാം എന്നും പോലിസ് വ്യക്തമാക്കി. ആഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ പരാതി നല്‍കിയത്. തൃശ്ശൂരില്‍ സ്ഥിരതാമസക്കാരന്‍ അല്ലാതിരുന്നിട്ടും സുരേഷ് ഗോപി മുക്കാട്ടുകരയില്‍ നിയമവിരുദ്ധമായി 11 വോട്ടുകള്‍ ചേര്‍ത്തു എന്നായിരുന്നു ടി.എന്‍ പ്രതാപന്റെ പരാതി.