ന്യൂഡല്‍ഹി : വഖഫ് ബില്ലിന്മേലുള്ള വോട്ടെടുപ്പ് ദിവസം പ്രിയങ്കഗാന്ധി രാജ്യം വിട്ടതും രാഹുല്‍ ഗാന്ധി നിശബ്ദത പാലിച്ചതും സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശപ്രകാരമെന്ന് സൂചന. കേരളത്തിലെ ക്രൈസ്തവ സംഘടനങ്ങള്‍ ബില്ലിനെ അനുകൂലിച്ച് രംഗത്ത് വന്നതോടെ ഇക്കാര്യത്തില്‍ പ്രത്യക്ഷമായി ബില്ലിനെ എതിര്‍ക്കുന്നത് ആത്മഹത്യാപരമാണെന്ന ആശങ്കയാണ് സോണിയ ഇവരോടു പങ്കുവച്ചത്. വയനാട്ടിലെ മുന്‍ എംപി രാഹുലിനും നിലവിലുള്ള എംപി പ്രിയങ്കയ്‌ക്കും കേരളത്തിലെ ക്രൈസ്തവരെ അഭിമുഖീകരിക്കാന്‍ എങ്ങിനെ കഴിയുമെന്നതാണ് അവരെ അലട്ടിയ പ്രശ്‌നം. കേരളത്തില്‍ ക്രൈസ്തവ സംഘടനകളെ പിണക്കി യുഡിഎഫിന് മുന്നോട്ടു പോകാനാവില്ല. ഈ വിഷയത്തില്‍ സമ്മര്‍ദ്ദം ഉയര്‍ത്തിയ ക്രൈസ്തവ സഭകളെയും സംഘടനകളെയും തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനെതിരെ സോണിയ കുടുംബം നിന്നത്.
വഖഫ് വിഷയത്തില്‍ രാഹുല്‍ കാര്യമായ പ്രതികരണം നടത്താതിരുന്നത് ഏറെ ചര്‍ച്ചയായിരുന്നു. യുഎസ് തീരുവക്കാര്യമാണ് പാര്‍ലമെന്‌റില്‍ അദ്‌ദേഹം കൂടുതല്‍ സംസാരിച്ചത്. അടുത്ത ബന്ധുവിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രിയങ്ക വിദേശത്ത് പോയെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത് . ഇതിനായി മുന്‍കൂര്‍ അവര്‍ അവധി തേടിയിരുന്നുവെന്നും പറയുന്നു. എന്നാല്‍ ഭേദഗതി ബില്‍ വഴി ജനാധിപത്യവും മതേതരത്വവും കശാപ്പു ചെയ്യപ്പെടുന്നുവെന്നു വിലപിച്ചിരുന്ന പ്രിയങ്കയ്‌ക്കും മറ്റും അതിനേക്കാള്‍ വലുത് ബന്ധുവിന്‌റെ ചികില്‍സയാണ് ഇതോടെ വ്യക്തമായി.