രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതു താല്‍പര്യ ഹര്‍ജി. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്നും വ്യാജ കൂട്ടിച്ചേര്‍ക്കല്‍ ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
അഭിഭാഷകന്‍ രോഹിത് പാണ്ഡെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം നടന്നതായുള്ള രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലില്‍ അന്വേഷിണം വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍, പരിപാലനം, പ്രസിദ്ധീകരണം എന്നിവയില്‍ സുതാര്യത, ഉത്തരവാദിത്തം, സത്യസന്ധത എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കി പുറപ്പെടുവിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ നേതാവ് ഉന്നയിച്ച ആരോപണങ്ങള്‍ സ്വതന്ത്രമായി പരിശോധിച്ചതായും ഇതിന് ആവശ്യമായ പ്രാഥമിക തെളിവുകള്‍ കണ്ടെത്തിയതായും ഹര്‍ജിയില്‍ പറയുന്നു. അതിനാല്‍ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോടതിയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും ഹര്‍ജിക്കാരന്‍ അവകാശപ്പെടുന്നു.