
ന്യൂദല്‍ഹി: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ ജാതിക്കാര്‍ഡുയര്‍ത്തി ഹിന്ദുസമുദായത്തെ വിഭജിക്കുക എന്ന നീക്കവും വോട്ട് ചോരി ഉയര്‍ത്തി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്താനുള്ള നീക്കവും എട്ട് നിലയിലാണ് പൊട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനും എതിരെ വോട്ട് മോഷണം എന്നആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധി നടത്തിയ യാത്രകള്‍ പോയ വഴികളിലൊന്നും കോണ്‍ഗ്രസിനോ ആര്‍ജെഡിയ്‌ക്കോ ഒരു നേട്ടവും ഉണ്ടായില്ല.
എന്നിട്ടും രാഹുല്‍ ഗാന്ധി അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് നല്‍കിയിട്ടുള്ള വിഷം പുരട്ടിയ ആയുധം കൈവിടാന്‍ തയ്യാറല്ല. തെരഞ്ഞെടുപ്പിലെ നാണം കെട്ട തോല്‍വിയില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി നടത്തിയ പ്രതികരണത്തില്‍ വീണ്ടും വോട്ട് മോഷണം എന്ന ആരോപണം ആവര്‍ത്തിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്.
തുടക്കം മുതൽ ബിഹാറിൽ ശരിയായ തെരഞ്ഞെടുപ്പ് അല്ല നടന്നതെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തുടക്കം മുതൽ ശരിയായ രീതിയിൽ നടക്കാത്ത തെരഞ്ഞെടുപ്പിൽ തങ്ങള്‍ക്ക് വിജയിക്കാനായില്ല. ഇന്ത്യ സഖ്യവും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് ഫലം സൂക്ഷ്മമായി പരിശോധിക്കുമെന്നും രാഹുൽ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.