• Mon. Sep 8th, 2025

24×7 Live News

Apdin News

വോട്ട് ചോരി യാത്ര തീര്‍ന്നു, മലേഷ്യയ്‌ക്ക് വിട്ട് രാഹുല്‍ ഗാന്ധി; മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണോയെന്ന് പരിഹാസം

Byadmin

Sep 8, 2025



ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ ചോര്‍ത്തുന്നു എന്ന വ്യാജ ആരോപണം ഉയര്‍ത്തി ബീഹാറില്‍ വോട്ട് ചോരി യാത്ര സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി ഇപ്പോള്‍ മലേഷ്യയില്‍. ഏതാനും ദിവസം റോഡിലൂടെ ബുള്ളറ്റില്‍ അലഞ്ഞതിന്റെ ക്ഷീണം തീര്‍ക്കാനാണ് മലേഷ്യയിലേക്ക് വിട്ടിരിക്കുന്നതെന്ന് പറയപ്പെടുന്നു. രാഷ്‌ട്രീയം പാര്‍ട് ടൈമായി എടുത്തവര്‍ ഇത് ചെയ്തില്ലെങ്കിലേ അല്‍ഭുതമുള്ളൂ എന്നും പരിഹാസം ഉയരുന്നുണ്ട്.

ചില പപ്പരാസികള്‍ എടുത്ത രാഹുല്‍ ഗാന്ധിയുടെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം വേഷമണിഞ്ഞ സ്ത്രീയ്‌ക്കൊപ്പം എന്തോ സംസാരിക്കുന്ന ഒരു ചിത്രമാണ് ഇതില്‍ ഒരെണ്ണം. എന്താണ് രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ ദൗത്യം എന്ന് അറിയുന്നില്ല. അതീവരഹസ്യമായാണ് രാഹുല്‍ ഗാന്ധി മലേഷ്യയില്‍ എത്തിയിരിക്കുന്നത്.

“ബീഹാറില്‍ നിന്നും ദേഹത്ത് കുറച്ചധികം ചെളി പുരണ്ടോ?”- എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. “ബീഹാര്‍ രാഷ്‌ട്രീയത്തിലെ ചൂടും പൊടിയും കുറച്ചധികം കോണ്‍ഗ്രസ് യുവരാജിന്റെ ദേഹത്ത് പുരണ്ടിട്ടുണ്ട്. അതുകൊണ്ടാകാം വിശ്രമത്തിന് ഇടവേള എടുത്തുപോകുന്നത്. അതോ ആരും അറിയാത്ത മറ്റൊരു രഹസ്യ മീറ്റിംഗിന് പോകുന്നതോ?” – ബിജെപി ഐടി സെല്‍ മേധാവി അമിത് മാള്‍വിയ ചോദിക്കുന്നു. വിദേശയാത്രകളില്‍ ആണ് രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരുമായി കൂടിക്കാഴ്ചകള്‍ നടത്താറ്. യുഎസിലെ സമാന്തര അധികാരകേന്ദ്രമാണ് ഡീപ് സ്റ്റേറ്റ് എന്ന പേരില്‍ അറിയപ്പെടുന്നത്. യുഎസിലെ വന്‍ബിസിനസ് കുടുംബങ്ങള്‍, രഹസ്യ അന്വേഷണ ഏജന്‍സി മേധാവികള്‍, ആയുധഏജന്‍റുമാര്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവര്‍ ചേര്‍ന്നുള്ള സംഘമാണ് ഡീപ് സ്റ്റേറ്റ്. മറ്റ് രാജ്യങ്ങളിലെ‍ സര്‍ക്കാരുകളെ അട്ടിമറിച്ച് പാവ സര്‍ക്കാരുകളെ അധികാരത്തില്‍ കയറ്റുന്നത് ഡീപ് സ്റ്റേറ്റിന്റെ പല അജണ്ടകളില്‍ ഒന്നാണ്. ബംഗ്ലാദേശില്‍ ഈയിടെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഷേഖ് ഹസീനയുടെ സര്‍ക്കാരിനെ അട്ടിമറിച്ച് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തില്‍ ഇടക്കാലസര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ ഡീപ് സ്റ്റേറ്റാണെന്ന് പറയപ്പെടുന്നു. ഈയിടെ സിറിയയിലെ അല്‍ ബാഷര്‍ ഭരണത്തെ അട്ടിമറിച്ച് ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ സിറിയയില്‍ അധികാരത്തില്‍ കയറ്റിയത് ഡീപ് സ്റ്റേറ്റാണ്. ശ്രീലങ്കയിലും ഭരണം അട്ടിമറിക്കപ്പെട്ടിരുന്നു. ഇന്ത്യയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കും എന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ഡീപ് സ്റ്റേറ്റ്. ഡീപ് സ്റ്റേറ്റിന്റെ ഭാഗമായ ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്റെ ഫണ്ടിലാണ് ഇന്ത്യയില്‍ പതിനായിരക്കണക്കിന് എൻജിഒ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഈയിടെ യുഎസില്‍ നടന്ന ഒരു യോഗത്തില്‍ ജോര്‍ജ്ജ് സോറോസ് നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പലപ്പോഴും രാഹുല്‍ ഗാന്ധി ഇത്തരം ഡീപ് സ്റ്റേറ്റ് ഏജന്‍റുമാരെ വിദേശയാത്രകളില്‍ രഹസ്യമായി കാണാറുള്ളതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യയില്‍ നടപ്പാക്കേണ്ട ടൂള്‍ കിറ്റുകള്‍ ഡീപ് സ്റ്റേറ്റ് ഏജന്‍റുമാര്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറുന്നത് ഇത്തരം വിദേശയാത്രകളില്‍ നടക്കുന്ന രഹസ്യകൂടിക്കാഴ്ചകളിലാണത്രെ. വെറുതെ റിഫ്രഷ് ചെയ്യാന്‍ പോകുന്നതാണെങ്കിലും ഇതിനകം രാഹുല്‍ ഗാന്ധിയുടെ മലേഷ്യ യാത്ര വലിയ വിവാദമായിക്കഴിഞ്ഞിരിക്കുന്നു.

ഈയിടെ രാഹുല്‍ ഗാന്ധി ഹൈഡ്രജന്‍ ബോംബ് എന്ന വാക്ക് ഉപയോഗിച്ചിരുന്നു. വരാന്‍ പോകുന്നത് ഹൈഡ്രജന്‍ ബോംബാണെന്നും മോദിക്ക് മുഖം പുറത്തുകാണിക്കാന്‍ പറ്റില്ലെന്നും ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭീഷണി. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ മലേഷ്യന്‍ യാത്രയെ ഹൈഡ്രജന്‍ ബോംബ് പ്രയോഗവുമായി ബന്ധപ്പെടുത്തുകയാണിപ്പോള്‍ ബിജെപി. രാഹുല്‍ ഗാന്ധി മലേഷ്യയില്‍ ഹൈഡ്രജന്‍ ബോംബുകളെ തേടി അലയുകയാണെന്ന പരിഹാസവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പല രീതിയില്‍ വോട്ടുകള്‍ മോഷ്ടിച്ച് ബിജെപിക്ക് കൊടുക്കുകയാണെന്ന രാഹുല്‍ ഗാന്ധി ബീഹാറില്‍ നടത്തിയ ആരോപണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ വാര്‍ത്താസമ്മേളനവുമായി രംഗത്തെത്തിയതോടെ രാഹുല്‍ പ്രതിസന്ധിയിലായിരുന്നു വോട്ടര്‍ പട്ടിക സമഗ്രമായി പരിഷ്കരിക്കാന്‍ വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ നടത്തിയ തീവ്ര പരിഷ്കരണ പ്രക്രിയയില്‍ ഇരട്ടവോട്ടുള്ളവര്‍, മേല്‍വിലാസം ഉള്ളവര്‍, വിദേശപൗരന്മാര്‍ തുടങ്ങി 65 ലക്ഷത്തോളം വോട്ടര്‍മാരെ നീക്കം ചെയ്തിരുന്നു. ഇതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടുകള്‍ മോഷ്ടിക്കുകയാണെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി വോട്ട് ചോരി യാത്ര നടത്തിയത്. ഈ യാത്ര വന്‍പരാജയമായിരുന്നു. പര്യടനത്തിന്റെ ഭാഗമായി ബുള്ളറ്റില്‍ ആണ് രാഹുല്‍ ഗാന്ധിയുടെയും തേജസ്വി യാദവിന്റെയും നേതൃത്വത്തിലുള്ള സംഘം പര്യടനം നടത്തിയത്. ഇവരെ കേള്‍ക്കാനോ സ്വീകരിക്കാനോ അധികം ആളുകള്‍ ഇല്ലായിരുന്നു. ഒടുവിലൊടുവില്‍ ഗുണ്ടകള്‍ സ്റ്റേജുകള്‍ പിടിച്ചെടുക്കുന്ന ഘട്ടം വരെയെത്തി. അങ്ങിനെയുള്ള ഒരു സ്റ്റേജിലാണ് മോദിയെ നീ എന്ന് അഭിസംബോധന ചെയ്തും മോദിയുടെ അമ്മയെ തെറിയഭിഷേകം ചെയ്തും കുറെ യുവാക്കള്‍ മുദ്രാവാക്യം മുഴക്കിയത്. ഇതിനെതിരെ മോദി നടത്തിയ പ്രസംഗത്തിന് ബീഹാറില്‍ വലിയ സ്വീകരണം ലഭിച്ചിരുന്നു. മാത്രമല്ല, ഒടുവില്‍ ഒരു സ്റ്റേജില്‍ ഇതിനെതിരെ പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. അതോടെ തെറിവിളിയും മറ്റും നിന്നു. പക്ഷെ തൊട്ടടുത്ത ദിവസം രാഹുല്‍ ഗാന്ധിയുടെ വോട്ട് ചോരി യാത്ര അവസാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിയുമായുള്ള ആരോപണപ്രത്യാരോപണങ്ങളെക്കുറിച്ച് സുപ്രീംകോടതി വാദം കേട്ടുകൊണ്ടിരിക്കുകയാണ്. ഇതിലും രാഹുല്‍ ഗാന്ധി തോല്‍ക്കാന്‍ സാധ്യതയുണ്ട്. മറ്റൊന്ന് രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വത്തിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ നടക്കുന്ന കേസാണ്. ഇതില്‍ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് തെളിഞ്ഞാല്‍ രാഹുല്‍ ഗാന്ധിക്ക് എംപി സ്ഥാനം വരെ നഷ്ടപ്പെടും. ഇങ്ങിനെ പല വിധ തിരിച്ചടികള്‍ക്ക് നടുവില്‍ കുടുങ്ങിനില്‍ക്കുന്ന രാഹുല്‍ ഗാന്ധി എന്തിനാണ് പൊടുന്നനെ മലേഷ്യയിലേക്ക് മുങ്ങിയത് എന്നതില്‍ പലര്‍ക്കും ആശങ്കയുണ്ട്.

By admin