തിരുവനന്തപുരം: പേരൂര്‍ക്കടയിലെ വ്യാജ മാല മോഷണക്കേസില്‍ അന്യായമായി തടവില്‍ കഴിഞ്ഞ ബിന്ദു, ഒരു കോടി രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി. ഇതിനിടെ, ബിന്ദു എംജിഎം പൊന്‍മുടി വാലി പബ്ലിക് സ്‌കൂളില്‍ പ്യൂണായി ജോലിയില്‍ പ്രവേശിച്ചു. ‘പറഞ്ഞറിയിക്കാന്‍ വയ്യാത്ത സന്തോഷം’ എന്നാണ് ജോലി ലഭിച്ചതില്‍ ബിന്ദുവിന്റെ പ്രതികരണം.
പേരൂര്‍ക്കട സ്റ്റേഷനില്‍ പൊലീസ് തിരക്കഥ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വെളിപ്പെട്ടിട്ടുണ്ട്. സ്വര്‍ണ മാല സോഫയില്‍ നിന്നും കണ്ടെത്തിയിട്ടും, അത് മറച്ചുവെച്ച് വ്യാജ കേസ് ഉണ്ടാക്കിയതായാണ് റിപ്പോര്‍ട്ടില്‍ കണ്ടെത്തല്‍.