
വാഷിംഗ്ടൺ: വിവിധ രാജ്യങ്ങള്‍ യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വ്യാപാര ത്തീരുവ ഉയര്‍ത്തി ആ രാജ്യങ്ങളെ ശ്വാസംമുട്ടിച്ച് തനിക്കാവശ്യമായത് നേടിയെടുക്കുന്ന ട്രംപിന്റെ രീതിയ്‌ക്ക് തിരിച്ചടി.
വാഴപ്പഴത്തിന് അമേരിക്കയില്‍ വില കൂടിയതാണ് ട്രംപിന് തിരിച്ചടിയായത്. കാരണം വാഴപ്പഴത്തിന് വന്‍ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതോടെ യുഎസിലേക്ക് വാഴപ്പഴം കയറ്റുമതി ചെയ്യുന്നവര്‍ വില ഉയര്‍ത്താന്‍ തുടങ്ങി. ഇത് അമേരിക്കന്‍ വിപണിയില്‍ വാഴപ്പഴത്തിന് വില കൂട്ടാന്‍ കാരണമായി. അതുപോലെ ബീഫ്, തക്കാളി തുടങ്ങിയ ചരക്കുകള്‍ക്കും ഇതേ ഗതി വന്നു. ഇതോടെയാണ് തീരുവ ഉയര്‍ത്തി രാജ്യങ്ങളെ ശ്വാസം മുട്ടിക്കുന്ന ഏര്‍പ്പാട് ഭാവിയില്‍ അമേരിക്കയില്‍ വന്‍തോതില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന് വിലയിരുത്തല്‍ വന്നത്.
സാമ്പത്തിക വിദഗ്ധരുടെ ഭാഗത്ത് നിന്നും പ്രതിപക്ഷമായ ഡമോക്രാറ്റുകളില്‍ നിന്നും വ്യാപാരത്തീരുവ ഉയര്‍ത്തുന്നതിനെതിരെ ശക്തമായ സമ്മര്‍ദ്ദം വന്നു. ഇത് ക്രമേണ പലചരക്ക് സാധനങ്ങളുടെ വില ഉയരാന്‍ കാരണമാകുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ ട്രംപിന് തിരുത്തലിന് തയ്യാറാകേണ്ടിവുന്നു. ഉപഭോക്തൃ വില സൂചികയിൽ, സെപ്റ്റംബറിലെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ബീഫിന് ഏകദേശം 13% വില കൂടുതലായിരുന്നു, സ്റ്റീക്കുകളുടെ വില ഒരു വർഷം മുമ്പുള്ളതിനേക്കാൾ ഏകദേശം 17% കൂടുതലാണ്. വാഴപ്പഴത്തിന്റെ വില ഏകദേശം 7% കൂടുതലായി. അതേസമയം തക്കാളിയുടെ വില 1% കൂടുതലായിരുന്നു. വീട്ടിൽ കഴിക്കുന്ന ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള ചെലവ് സെപ്റ്റംബറിൽ 2.7% വർദ്ധിച്ചു.
ഇതോടെ വാഴപ്പഴം, ബീഫ്, കാപ്പി തുടങ്ങിയ പ്രധാന ഭക്ഷ്യവസ്തുക്കളുടെ മേല്‍ ചുമത്തതിയ അമിത തീരുവ ട്രംപ് പിന്‍വലിച്ചു. വ്യാഴാഴ്ച അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു. ഈ വർഷം ആദ്യം ഏർപ്പെടുത്തിയ വൻ ഇറക്കുമതി തീരുവകൾ പണപ്പെരുപ്പത്തിന് കാരണമാകുന്നില്ലെന്ന് വളരെക്കാലമായി വാദിച്ചിരുന്ന ട്രംപിന് ഒരു വലിയ തിരിച്ചടിയാണ് ഈ പുതിയ തീരുമാനം.
ഇത് മെക്സിക്കോ, ബ്രസീല്‍, ആസ്ത്രേല്യ, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് അനുഗ്രഹമായി. ട്രംപിന്റെ അമിത തീരുവയില്‍ ഞെരുങ്ങുകയായിരുന്നു ബ്രസീലും മെക്സിക്കോയും കാനഡയും എല്ലാം. യുഎസിലേക്ക് ബീഫ് വന്‍തോതില്‍ കയറ്റുമതി ചെയ്യുന്ന ആസ്ത്രേല്യ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് ബീഫിന് തീരുവ കുറച്ചുകൊണ്ടുള്ള ട്രംപിന്റെ തീരുമാനം അനുഗ്രഹമാകും. യുഎസിലേക്ക് തക്കാളി 91 ശതമാനവും കയറ്റുമതി ചെയ്യുന്നത് മെക്സിക്കോയാണ്. തക്കാളിയുടെ മേലുള്ള തീരുവ കുറച്ചത് മെക്സിക്കോയ്‌ക്ക് ഉപകാരമാവും. യുഎസിലേക്ക് കാപ്പി കയറ്റുമതി ചെയ്യുന്ന ബ്രസീല്‍, കൊളംബിയ, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കും ഇതുപോലെ ട്രംപിന്റെ നീക്കം അനുഗ്രഹമാകും.
ട്രംപ് ഭരണത്തിൽ വന്നതോടെ, ഓരോ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്ക് 10% അടിസ്ഥാന താരിഫ് ചുമത്തിയും, സംസ്ഥാനം അനുസരിച്ച് വ്യത്യസ്തമായ അധിക നിർദ്ദിഷ്ട തീരുവകളും ഏർപ്പെടുത്തിക്കൊണ്ട് ട്രംപ് ആഗോള വ്യാപാര വ്യവസ്ഥയെ അട്ടിമറിച്ചു. ഇറക്കുമതി തീരുവയുടെ മുഴുവൻ ഭാരവും കമ്പനികൾ വഹിക്കാൻ തുടങ്ങുമ്പോൾ അടുത്ത വർഷം സാധാനങ്ങളുടെ വില കൂടുതൽ ഉയരുമെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു.
ഇന്ത്യയ്‌ക്ക് തലവേദനയായത് തുണിത്തരങ്ങളും ചെമ്മീനും
അമേരിക്ക ഇന്ത്യയെ സംബന്ധിച്ചിടത്തോളം പറുദീസയായിരുന്നു. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്ന രാജ്യമായിരുന്നു അമേരിക്ക. മറ്റൊരര്‍ത്ഥത്തില്‍ ട്രേഡ് സര്‍പ്ലസ് ഉള്ള രാജ്യം. പക്ഷെ ഇന്ത്യയ്‌ക്കെതിരെ 50 ശതമാനം പിഴത്തീരുവ ഏര്‍പ്പെടുത്തിയതോടെ തുണിത്തരങ്ങള്‍, ചെമ്മീന്‍ തുടങ്ങിയ ഉല്പന്നങ്ങള്‍ക്ക് അമേരിക്കയിലെ വിപണിയില്‍ മത്സരിക്കാന്‍ പറ്റാതായി. ഇത് ഇന്ത്യയുടെ ഈ ഉല്‍പന്നങ്ങളുടെ കയറ്റുമതിയെ ബാധിച്ചു.