കേരളത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷദിവസമാണ് മുപ്പെട്ടു വ്യാഴം. ഒരു മലയാള മാസം ആരംഭിച്ച് അതില്‍ ആദ്യമായി വരുന്ന വ്യാഴാഴ്ചയെയാണ് മുപ്പട്ടു വ്യാഴം എന്ന് വിളിക്കുന്നത്. ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസം മഹാവിഷ്ണുവിനും വ്യാഴഭഗവാനും (ഗുരു) ഏറെ പ്രാധാന്യമുള്ളതാണ്. 2026 ലെ മലയാള മാസമായ മിഥുനത്തിലെ ആദ്യത്തെ വ്യാഴാഴ്ച അഥവാ ‘മുപ്പെട്ടു വ്യാഴം’ വരുന്നത് ജൂണ്‍ 18 ആണ്. ജൂണ്‍ 15-ന് മിഥുന മാസം ആരംഭിക്കുന്നതിനാല്‍, ആ മാസത്തിലെ നാലാം ദിവസമാണ് ഈ പുണ്യദിനം ഒത്തുവരുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വ്യാഴാഴ്ച മഹാവിഷ്ണുവിനും നവഗ്രഹങ്ങളിലെ വ്യാഴഭഗവാനും (ഗുരു) ഏറെ പ്രിയപ്പെട്ട ദിവസമായി കണക്കാക്കുന്നു. അതുകൊണ്ടുതന്നെ ഈ ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് ഭക്തര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
വ്രതാനുഷ്ഠാനത്തിന്റെ ഫലങ്ങള്‍
മുപ്പെട്ടു വ്യാഴാഴ്ച വ്രതം കൃത്യമായി അനുഷ്ഠിക്കുന്നതിലൂടെ വ്യക്തികള്‍ക്ക് ഒട്ടനവധി ഗുണങ്ങള്‍ ലഭിക്കുമെന്നാണ് വിശ്വാസം. ജാതകത്തിലെ ഗുരുദോഷങ്ങള്‍ അകലാനും, ദാമ്പത്യ തടസ്സങ്ങള്‍ മാറി വിവാഹം വേഗത്തില്‍ നടക്കാനും ഈ വ്രതം സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ ഏകാഗ്രതയും ബുദ്ധിവികാസവും ഉണ്ടാകാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കാനും വിഷ്ണുപ്രീതിയും വ്യാഴാനുഗ്രഹവും വഴി തെളിക്കും. കൂടാതെ, വിട്ടുമാറാത്ത രോഗദുരിതങ്ങളില്‍ നിന്ന് മോചനവും സാമ്പത്തിക അഭിവൃദ്ധിയും കൈവരുമെന്നും ഭക്തര്‍ വിശ്വസിക്കുന്നു.
അനുഷ്ഠാന രീതികള്‍
മുപ്പെട്ടു വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുന്നത് കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും കൊണ്ടുവരുമെന്നാണ് വിശ്വാസം. വ്രതം നോല്‍ക്കുന്ന ഭക്തര്‍ ഈ ദിവസം പുലര്‍ച്ചെ ഉണര്‍ന്ന് ശരീരശുദ്ധി വരുത്തി വിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കണം. പകല്‍ മുഴുവന്‍ ഒരിക്കലൂണ് (ഒരു നേരം മാത്രം അരിയാഹാരം കഴിക്കുക) നോല്‍ക്കുന്നതാണ് ഉത്തമം. പൂര്‍ണ്ണ ഉപവാസം സാധ്യമാകാത്തവര്‍ക്ക് പഴവര്‍ഗ്ഗങ്ങളോ ഗോതമ്പ് ലഘുഭക്ഷണമോ കഴിക്കാവുന്നതാണ്. പകല്‍ ഉറക്കം ഒഴിവാക്കുകയും തെറ്റായ ചിന്തകളില്‍ നിന്നും പ്രവര്‍ത്തികളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം.
മഞ്ഞ വസ്ത്രം ധരിക്കുക
ഈ ദിവസം മഞ്ഞ നിറത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മുപ്പെട്ട് വ്യാഴ വ്രതം നോല്‍ക്കുന്നവരും ക്ഷേത്ര ദര്‍ശനം നടത്തുന്നവരും മഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ വ്യാഴഗ്രഹത്തിന്റെ ഊര്‍ജ്ജരശ്മികള്‍ ശരീരത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും. മഞ്ഞ വസ്ത്രം ധരിക്കുക, മഞ്ഞപ്പൂക്കള്‍ സമര്‍പ്പിക്കുക. കൂടെ അന്നേ ദിവസം വ്രതമെടുക്കുന്നതും വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുന്നതും ദോഷങ്ങള്‍ അകറ്റാനും അഭീഷ്ടസിദ്ധിക്കും ഉത്തമമായി കരുതപ്പെടുന്നു. കുടുംബസൗഖ്യത്തിനും സന്താനഭാഗ്യത്തിനുമായി മുപ്പെട്ടുവ്യാഴം ദിനത്തില്‍ പ്രത്യേക വഴിപാടുകള്‍ നടത്തുന്നത് വളരെ ശ്രേഷ്ഠം.
മിഥുനമാസത്തെ മുപ്പെട്ടു വ്യാഴത്തിന് സവിശേഷതകള്‍ ഏറെയാണ്. വിഷ്ണു- ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തും. രാവിലെ നിര്‍മ്മാല്യ ദര്‍ശനത്തോടെ ആരംഭിക്കുന്ന ചടങ്ങുകളില്‍ വിഷ്ണു സഹസ്രനാമ പാരായണം, തുളസി സമര്‍പ്പണം, പാല്‍പ്പായസം, വെണ്ണനൈവേദ്യം, ഭഗവത് ഗീത പാരായണം എന്നിവയാണ് പ്രത്യേക വഴിപാടുകള്‍ വൈകുന്നേരം ദീപാരാധയ്‌ക്ക് ശേഷം ഭക്തിഗാന പരിപാടികളും അരങ്ങേറും. ഭക്തര്‍ കുടുംബസൗഖ്യത്തിനും സന്താനഭാഗ്യത്തിനുമായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തുന്നതും പതിവാണ്.
മുപ്പെട്ട് വ്യാഴാചരണത്തിന്റെ പ്രധാന സന്ദേശം
ശരീരത്തെയും മനസ്സിനെയും ഒരുപോലെ ശുദ്ധീകരിക്കുന്നതിലൂടെ മനുഷ്യനിലെ അഹംഭാവം ഇല്ലാതാക്കാനും പ്രപഞ്ചനാഥനോട് എന്നും നന്ദിയുള്ളവരായിരിക്കാനും ഈ ദിനം നമ്മെ പഠിപ്പിക്കുന്നു. കൂടാതെ നാമോരുരുത്തരേയും നേര്‍വഴിക്ക് നടത്തുന്ന ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ആദരിക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്ന ഈ ദിവസം, മാസത്തിന്റെ തുടക്കം പ്രാര്‍ത്ഥനയോടെ പോസിറ്റീവായി ആരംഭിക്കണമെന്ന ചിന്തയും നല്‍കുന്നു. ചുരുക്കത്തില്‍, ‘ശുദ്ധമായ ശരീരവും വിവേകമുള്ള മനസ്സും ഗുരുത്വവുമുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് കഠിനമായ പ്രതിസന്ധിയും മറികടക്കാം’ എന്നതാണ് മുപ്പെട്ടു വ്യാഴ വ്രതത്തിന്റെ പ്രധാന കാതല്‍.