• Wed. Mar 26th, 2025

24×7 Live News

Apdin News

വ്യോമസേനകാത്തിരിക്കുന്ന തേജസ് യുദ്ധവിമാനത്തിന്റെ എഞ്ചിന്‍ ഉടന്‍ എത്തും; 2031ല്‍ 180 തേജസ് വിമാനങ്ങള്‍ ഇന്ത്യ നിര്‍മ്മിയ്‌ക്കും

Byadmin

Mar 24, 2025


ബെംഗളൂരു: തേജസ് ലൈറ്റ് യുദ്ധവിമാനത്തിന്റെ പുതിയ മോഡലായ എല്‍സിഎ തേജസ് എംകെ1എ യുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.. ഇതിന് ആവശ്യമായ പ്രധാന എഞ്ചിനായ ജിഇ404 അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക് ഉടനെ വിതരണം ചെയ്യാമെന്ന് സമ്മതിച്ചതാണ് തേജസ് യുദ്ധവിമാനം നിര്‍മ്മിയ്‌ക്കുന്ന ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സിനും ആ യുദ്ധവിമാനങ്ങള്‍ കാത്തിരിക്കുന്ന ഇന്ത്യന്‍ വ്യോമസേനയ്‌ക്കും ആശ്വാസമായത്.

കാലഹരണപ്പെട്ട പഴയ മിഗ് 21 യുദ്ധവിമാനങ്ങളെ മാറ്റിയാണ് പകരം ആധുനികമായ തേജസ് എല്‍സിഎ വ്യോമസേനയില്‍ എത്തുന്നത്. ഇതിന്റെ പുതിയ മോഡലായ തേജസ് എല്‍സിഎ എംകെ1എ ആയിരിക്കും ഭാവിയില്‍ യുദ്ധരംഗങ്ങളില്‍ ഇന്ത്യ പ്രധാനമായും ഉപയോഗിക്കുക.

12 എഞ്ചിന്‍ ഈ വര്‍ഷം തന്നെ നല്‍കാമെന്ന് അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക് സമ്മതിച്ചിട്ടുണ്ട്. ഇതില്‍ ആദ്യ എഞ്ചിന്‍ മാര്‍ച്ചില്‍ എത്തും. ഇതേ നിലയില്‍ വിതരണം തുടങ്ങിയാല്‍ 2030-31 ആകുമ്പോഴേക്കും 180ഓളം തേജസ് എല്‍സിഎ എംകെ1എ വിമാനങ്ങള്‍ നിര്‍മ്മിയ്‌ക്കാന്‍ സാധിക്കുമെന്ന് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് ചെയര്‍മാന്‍ ഡി.കെ. സുനില്‍ അറിയിച്ചു.

ഇന്ത്യയുടെ വ്യോമസേനയ്‌ക്കും തേജസ് എല്‍സിഎയുടെ പോരായ്മ അനുഭവപ്പെടുന്നുണ്ട്. അമേരിക്കയിലെ ജിഇയില്‍ നിന്നും തേജസില്‍ ഉപയോഗിക്കുന്ന പ്രധാന എഞ്ചിനായ ജിഇ404 കരാറനുസരിച്ച് കിട്ടിയാല്‍ വര്‍ഷം തോറും 24 എല്‍സിഎ തേജസ് എംകെ1എ നിര്‍മ്മിയ്‌ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ലഘു യുദ്ധ വിമാനമായ തേജസിന് വിദേശരാജ്യങ്ങളില്‍ നല്ല ഡിമാന്‍റുണ്ട്. വാങ്ങാന്‍ നിരവധി വിദേശരാജ്യങ്ങള്‍ ക്യൂവിലുണ്ട്. അര്‍ജന്‍റീന, ഈജിപ്ത്, നൈജീരിയ, ഫിലിപ്പൈന്‍സ്, ആസ്ത്രേല്യ, യുഎസ് എന്നീ രാജ്യങ്ങള്‍ എല്‍സിഎ തേജസ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഇതുവരെയും ഇന്ത്യ തേജസ് ലഘുയുദ്ധവിമാനങ്ങളൊന്നും കയറ്റുമതി ചെയ്തിട്ടില്ല.സുഗമമായി അമേരിക്കയില്‍ നിന്നും പ്രധാന എഞ്ചിന്‍ ലഭിച്ചുതുടങ്ങിയാല്‍ മാത്രമേ കയറ്റുമതിയും സുഗമമായി ചെയ്യാനാകൂ. അതിനാല്‍ ഇന്ത്യ കാത്തിരിക്കുകയാണ്. ഈ പ്രധാന എഞ്ചിന്‍ ഒഴികെയുള്ള ഭാഗങ്ങളെല്ലാം ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡാണ് നിര്‍മ്മിക്കുന്നത്.

പലതരത്തിലുള്ള കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശേഷിയുള്ള ഏക എഞ്ചിനില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനമാണ് എല്‍സിഎ തേജസ്. നല്ല ഭീഷണിയുള്ള വ്യോമപാതകളില്‍ പറന്ന് ശത്രുവിനെ നിരീക്ഷിക്കല്‍, ആക്രമിക്കല്‍, വ്യോമപ്രതിരോധം തീര്‍ക്കല്‍ എന്ന ജോലികള്‍ നിര്‍വ്വഹിക്കാന്‍ എല്‍സിഎ തേജസിന് സാധിക്കും. അതിന്റെ ഏറ്റവും പുതിയ മോഡല്‍ ആണ് എംകെ1എ. ഇപ്പോള്‍ തേജസിന് രണ്ട് മോഡലുകള്‍ ആണ് ഉള്ളത്. നേരത്തെ ഉള്ളതാണ് തേജസ് എംകെ1 അഥവാ തേജസ് മാര്‍ക് 1. ഈ വിഭാഗത്തില്‍ പെട്ട 40 യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്‌ക്കുണ്ട്. പുതിയ മോഡലാണ് തേജസ് എംകെ1എ അഥവാ തേജസ് മാര്‍ക്ക് 1എ.

 



By admin