• Wed. Sep 3rd, 2025

24×7 Live News

Apdin News

വ്യോമസേനയില്‍ വനിതകള്‍ക്കും പൈലറ്റ് നിയമനം നല്‍കണമെന്ന് ഡല്‍ഹി ഹൈക്കോടതി

Byadmin

Sep 1, 2025


ന്യൂഡല്‍ഹി വ്യോമസേനയിലെ പൈലറ്റ് തസ്തികകളില്‍ പുരുഷന്മാര്‍ക്ക് മാത്രമായി സംവരണമുള്ളത് ന്യായീകരിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. പുരുഷന്മാരെ മാത്രം നിയമിക്കുന്ന കാലം കഴിഞ്ഞെന്ന് ഓര്‍മപ്പെടുത്തിയ കോടതി പരാതിക്കാരിയെ പൈലറ്റായി നിയമിക്കാന്‍ ഉത്തരവിട്ടു.സേനയില്‍ ആണ്‍-പെണ്‍ വിവേചനം ഇല്ലാതെ യോഗ്യരായ വനിതകളെ നിയമിക്കണമെന്നും ജസ്റ്റിസ് സി. ഹരിശങ്കറും ജസ്റ്റിസ് ഓം പ്രകാശ് ശുക്ലയുമടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. സേനയില്‍ പ്രവേശിക്കുന്ന വനിതകള്‍ക്ക് പുരുഷന്മാര്‍ക്ക് നല്‍കുന്നതിന് തുല്യമായ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.

സൈന്യത്തിലെ 92 പൈലറ്റുമാരുടെ ഒഴിവിലേക്ക് 2023 മേയ് 17നാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) അപേക്ഷ ക്ഷണിച്ചത്. രണ്ടൊഴിവ് വനിതകള്‍ക്കും ശേഷിച്ച 90 എണ്ണം പുരുഷന്മാര്‍ക്കുമായി സംവരണം ചെയ്തു. വനിതകള്‍ക്കുള്ള രണ്ടൊഴിവിലേക്കും നിയമനമായെങ്കിലും പുരുഷന്മാരുടെ 90 ഒഴിവില്‍ 70 എണ്ണമേ നികത്താനായുള്ളൂ.

വനിതകളുടെ റാങ്ക് പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള അര്‍ച്ചന എന്ന യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. തസ്തികയ്ക്കാവശ്യമായ ഫിറ്റ് ടു ഫ്ളൈ സര്‍ട്ടിഫിക്കറ്റ് ഹരജിക്കാരിക്കുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.ഒഴിവുള്ള 20 തസ്തികകള്‍ വനിതകള്‍ക്ക് സംവരണം ചെയ്തിട്ടില്ല. എന്നാല്‍ അതിലേക്ക് പുരുഷന്മാര്‍ക്കു മാത്രമേ നിയമനം നല്‍കാനാകൂ എന്നില്ല. ബാക്കിയുള്ള സീറ്റുകളില്‍ യോഗ്യരായ വനിതകളെ നിയമിക്കണമെന്ന് കോടതി ഉത്തരവിട്ടു.

By admin