• Mon. Mar 23rd, 2026

24×7 Live News

Apdin News

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Byadmin

Mar 23, 2026


വര്‍ക്കല:സിപിഎം ഏരിയ കമ്മിറ്റി അം​ഗമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ഞായറാഴ്ച ബിജെപിയിൽ ചേർന്നതിന് പിന്നാലെ അവരെ വര്‍ക്കലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ സിപിഎം കോട്ടകള്‍ വിറച്ചിരിക്കുകയാണ്. അഡ്വ. സ്മിത സുന്ദരശന്റെ സ്ഥാനാര്‍ത്ഥിയായുള്ള വരവില്‍ വർക്കലയുടെ പരമ്പരാഗത സമവാക്യങ്ങള്‍ മാറിമറിയുമെന്നുറപ്പ്.

എപ്പോഴും നിറപുഞ്ചിരിയുമായി വരുന്ന സ്മിതയുടെ വ്യക്തിപ്രഭാവവും സമൂഹത്തിന് വേണ്ടി ഒരുപാട് ചെയ്യണമെന്ന ആവേശവും വോട്ടായി മാറുമെന്നുറപ്പ്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ വ്യക്തിപ്രഭാവത്തിന് മാര്‍ക്കിട്ടാല്‍ വര്‍ക്കലയിലെ മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളേക്കാള്‍ ബഹുദൂരം മുന്നിലാണ് സ്മിത സുന്ദരേശ്വന്‍. 2016ലും 2021ലും ബിഡിജെഎസ് മത്സരിച്ച വര്‍ക്കല മണ്ഡലം തിരിച്ച് വാങ്ങാന്‍ ബിജെപി ഒരുമ്പെട്ടപ്പോള്‍ ഇത്രയും വലിയ ആകസ്മികത അതില്‍ ഒളിച്ചിരിപ്പുണ്ടെന്ന് ആരും കരുതിയിരുന്നില്ല. ഇതാണ് അമിത് ഷായുടെ മേല്‍നോട്ടത്തില്‍ രാജീവ് ചന്ദ്രശേഖറും ടീും കേരളത്തില്‍ നടപ്പാക്കുന്ന ഇലക്ഷന്‍ എഞ്ചിനീയറിംഗ്.

വി. ജോയിയാണ് വര്‍ക്കലയില്‍ സിപിഎം സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിനായി എത്തിയിരിക്കുന്നത് വര്‍ക്കല കഹാറാണ്. 2021ല്‍ വി.ജോയി ഏകദേശം 18000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസിന്റെ അഡ്വ. ബിആര്‍എം ഷഫീറിനെ തോല്‍പിച്ച മണ്ഡലമാണ് വര്‍ക്കല. എന്‍ഡിഎയ്‌ക്ക് വേണ്ടി മത്സരിച്ച ബിഡിജെഎസ് സ്ഥാനാര്‍ത്ഥി അജി എസിന് പിടിക്കാനായത് 11,214 വോട്ടുകളാണ്. ഇതാണ് സ്മിതയുടെ വെല്ലുവിളി. സിപിഎമ്മിലെ അസംതൃപ്തരില്‍ നിന്നുള്ള വോട്ടുകളാണ് സ്മിതയുടെ പ്രതീക്ഷ. അതിനൊപ്പം പരമ്പരാഗത ബിജെപി വോട്ടുകളും കിട്ടും. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് 40000ല്‍ കൂടുതല്‍ വോട്ട് കിട്ടിയ സ്ഥലമാണ് എന്നതും സ്മിത സുന്ദരേശ്വന് ഏറെ പ്രതീക്ഷപകരുന്നു.

2016ല്‍ ചിത്രം വേറെയായിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ വര്‍ക്കല കഹാര്‍ വോട്ട് പിടിച്ച് വി. ജോയിയെ വിറപ്പിച്ചിരുന്നു. വെറും 3,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് വി ജോയിക്ക് വിജയിക്കാന്‍ സാധിച്ചത്. അതേ വര്‍ക്കല കഹാര്‍ മടങ്ങിവരുന്നു എന്നത് ബിജെപിയുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് സ്മിത. ഈ പ്രദേശത്ത് നല്ല വേരുകളുള്ള ഇടത് പക്ഷ കുടുംബമാണ് സ്മിതയുടേത്. സിപിഎമ്മിനോട് പല രീതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന നിരവധി പാര്‍ട്ടികുടുംബങ്ങള്‍ വര്‍ക്കലയില്‍ ഉണ്ട്. ദീർഘകാലമായി ഇടതുകോട്ടയിൽ ഉറച്ചുനിന്ന കുടുംബത്തിൽ നിന്നുള്ള സ്മിതയുടെ ഈ മാറ്റം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതാണ് സ്മിത സുന്ദരേശന്റെ വരവ് വർക്കലയിൽ ശക്തമായ ഒരു ത്രികോണ മത്സരത്തിന് കളമൊരുക്കും എന്ന് പറയുന്നതിന് പിന്നില്‍.

സിപിഎമ്മിൽ ഇപ്പോൾ വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വാർത്ഥതാൽപ്പര്യങ്ങൾക്കുമാണ് മുൻഗണനയെന്നും പാർട്ടിയുടെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചതായും പാർട്ടി വിട്ട ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ സ്മിത സുന്ദരേശൻ വ്യക്തമാക്കി. പാർട്ടിയിൽ തുടർന്നു പ്രവർത്തിക്കാൻ തനിക്ക് വലിയ മാനസിക പ്രയാസം നേരിട്ടതായും അവർ വെളിപ്പെടുത്തി. കൂടാതെ നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് വന്നതെന്നും സ്മിത സുന്ദരേശൻ സൂചിപ്പിച്ചു.



By admin