
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തികേന്ദ്രങ്ങളില്‍ ട്വന്റി 20ക്ക് തിരിച്ചടി. അധികാരത്തിലിരുന്ന നാല് പഞ്ചായത്തുകളില്‍ രണ്ടെണ്ണം കൈവിട്ടു. കുന്നത്തുനാടും മഴുവന്നൂരുമാണ് കൈവിട്ടത്. ഐക്കരനാട് പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ജയിച്ചതും തിരുവാണിയൂരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി ആയതും നേട്ടമാണ്.
മറ്റു പാര്‍ട്ടികള്‍ ട്വന്റി 20യെ തോല്‍പ്പിക്കാന്‍ ഐക്യമുന്നണിയായി പ്രവര്‍ത്തിച്ചത് തിരിച്ചടിയായെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. സാബു എം ജേക്കബിന്റെ പഞ്ചായത്തായ കിഴക്കമ്പലത്ത് അവസാന ഘട്ടം വരെ കടുത്ത മത്സരം നേരിട്ടു.
കഴിഞ്ഞ തവണ ഒരു വാര്‍ഡ് മാത്രം നഷ്ടമായിടത്ത് ഇത്തവണ ജയിച്ചത് 21ല്‍ 15 ഇടത്താണ്. കഴിഞ്ഞ തവണ ജയിച്ച വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും ഇത്തവണ കിട്ടിയില്ല. ട്വന്റി 20ക്കെതിരെ പ്രധാന പാര്‍ട്ടികളെല്ലാം ഐക്യ മുന്നണിയായി പ്രവര്‍ത്തിച്ചത് തിരിച്ചടിയായെന്നാണ് ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ വിശദീകരണം.
തിരിച്ചടികള്‍ക്കിടയിലും 16 വാര്‍ഡുള്ള പൂതൃക്ക പഞ്ചായത്തില്‍ 7എണ്ണം നേടി യുഡിഎഫിന് ഒപ്പം എത്തിയതും തിരുവാണിയൂരിലെ ഇടതു കോട്ട പൊളിച്ചതും ട്വന്റി 20ക്ക് നേട്ടമാണ്.