
ശബരിമലയും മണ്ഡലകാലവും ഇന്നും ഇന്നലെയും ഉണ്ടായതല്ല. അതുകൊണ്ട് തന്നെ മണ്ഡലകാലാരംഭത്തിനു മുമ്പ് തന്നെ ഭക്തര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാവുന്നതുമാണ്. എന്നാല്‍ കേരളം മാറി മാറി ഭരിച്ച ഇടതു- വലതു മുന്നണി സര്‍ക്കാരുകളും ഈ സര്‍ക്കാരുകളോട് ആഭിമുഖ്യം പുലര്‍ത്തിയ ദേവസ്വം ബോര്‍ഡുകളും ഇന്നും ഈ ക്ഷേത്രസന്നിധിയോടും കോടിക്കണക്കിനുവരുന്ന ഭക്തരോടും നീതി പുലര്‍ത്തിയിട്ടില്ല. ഭക്തര്‍ക്കു വേണ്ട അടിസ്ഥാന ആവശ്യങ്ങള്‍പോലും നിറവേറ്റുന്നതില്‍ അധികൃതര്‍ പരാജയമാണ്. മണ്ഡലകാലം ആരംഭിച്ച് രണ്ടുദിവസത്തിനകം ശബരിമലയില്‍ നിന്ന് പുറത്തുവന്ന വാര്‍ത്തകള്‍ ഇക്കാര്യത്തില്‍ ഭരണാധികാരികള്‍ കാണിക്കേണ്ടതും കാണിക്കാത്തതുമായ ശ്രദ്ധയും കരുതലും ചൂണ്ടിക്കാട്ടുന്നതായിരുന്നു.
ദുരഭിമാനവും രാഷ്‌ട്രീയ വൈരാഗ്യവും മാറ്റിവച്ച് കേരള സര്‍ക്കാര്‍ യുപിയിലെ പ്രയാഗ്‌രാജിലേയ്‌ക്ക് ഒന്നു നോക്കാന്‍ മനസ്സു കാണിച്ചിരുന്നെങ്കില്‍ എന്നു ചിന്തിച്ചുപോകുന്നു. പ്രയാഗ്‌രാജില്‍ ഈ വര്‍ഷം നടന്ന മഹാകുംഭമേള സംഘാടന മികവുകൊണ്ടും പങ്കെടുത്ത ഭക്തരുടെ എണ്ണം കൊണ്ടും ആഗോള ശ്രദ്ധയാകര്‍ഷിച്ചതാണ്. ലോകത്തിലെ ഏറ്റവും വലിയ ആത്മീയ ഒത്തുചേരലിന് വേദിയായത് ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമ ഭൂമിയായിരുന്നു. 2025 ജനുവരി 13 മുതല്‍ ഫെബ്രുവരി 26 വരെയുള്ള മഹാകുംഭമേളയില്‍ 65 കോടിയിലധികം തീര്‍ത്ഥാടകര്‍ പങ്കെടുത്തതായാണ് കണക്ക്. മേളയുടെ ആദ്യ രണ്ട് ദിനങ്ങളില്‍ത്തന്നെ ആറ് കോടിയിലധികം പേര്‍ സ്‌നാനത്തില്‍ പങ്കെടുത്തു. കൂടാതെ പ്രധാനദിവസങ്ങളില്‍ മാത്രം സ്‌നാനം ചെയ്തത് ഒന്നരക്കോടി വരെയുള്ള ഭക്തരാണ്. ഇവരെല്ലാം പ്രയാഗ്‌രാജില്‍ നിന്ന് മടങ്ങിയത് പൂര്‍ണ സംതൃപ്തിയോടെയാണ്, പരാതിയും പരിഭവവും ഇല്ലാതെയാണ്.
പ്രയാഗ്‌രാജില്‍ ഒരുക്കിയ ക്രമീകരണങ്ങള്‍ ഏവര്‍ക്കും പാഠമാകേണ്ടതാണ്. ശബരിമലയില്‍ ഉള്‍പ്പെടെ അനുകരിക്കാവുന്ന മികച്ച മാതൃകകള്‍ കേരളത്തിന് അവിടെ നിന്ന് ഉള്‍ക്കൊള്ളാവുന്നതുമായിരുന്നു. നിര്‍ഭാഗ്യമെന്ന് പറയട്ടെ കേരളത്തില്‍ നിന്ന് സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗമായി ഔദ്യോഗികമായി ആരും പ്രയാഗ്‌രാജില്‍ എത്തുകയോ, അവിടെ ഒരുക്കിയ അത്യാധുനിക സജ്ജീകരണങ്ങള്‍ കണ്ടറിയുകയോ അതേക്കുറിച്ചു പഠിക്കുകയോ ചെയ്തില്ലെന്നാണ് വിവരം. സംസ്‌കാരവും പാരമ്പര്യവും ചരിത്രവും ആധുനികതയും ഒത്തുചേര്‍ന്നുള്ള അത്യപൂര്‍വസംഗമമായിരുന്നു പ്രയാഗ്‌രാജില്‍. എഐ ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഉപയോഗിച്ചത്. 45 ദിവസംകൊണ്ട് ഏകദേശം 40 കോടി ഭക്തരെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ച് ഇരുചക്രവാഹനങ്ങള്‍ മുതല്‍ വലിയ ബസ്സുകളില്‍ വരെ, ഭക്തര്‍ രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.
നാലായിരം ഹെക്ടറായിരുന്നു കുംഭമേള നടന്ന ഗംഗാതീരത്തെ പ്രദേശത്തിന്റെ വിസ്തൃതി. ഈ പ്രദേശം 25 സെക്ടറുകളായി തിരിച്ചായിരുന്നു സൗകര്യങ്ങള്‍ ഒരുക്കിയത്. ഓരോ സെക്ടറിലേക്കും വേണ്ട ക്രമീകരണങ്ങള്‍ പ്രത്യേകം പ്രത്യേകം സജ്ജീകരിച്ചു. ചെറിയ റോഡുകള്‍ മുതല്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച വലിയ പാലങ്ങള്‍ വരെ. കുടിവെള്ള പൈപ്പുകള്‍ മുതല്‍ ഭീമന്‍ ജലസംഭരണികള്‍ വരെ. ഘാട്ടുകള്‍ മുതല്‍ ആയിരത്തോളം പേര്‍ക്ക് താമസിക്കാവുന്ന താല്‍ക്കാലിക ടെന്റുകള്‍ വരെ ഒരുക്കി. മാസങ്ങള്‍ക്കുമുന്നേ ആരംഭിച്ച തയ്യാറെടുപ്പുകള്‍. എണ്ണായിരത്തിലധികം വരുന്ന സംഘടനകളുടെ സഹകരണത്തോടെ ഒരുകുടക്കീഴില്‍ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു പ്രവര്‍ത്തനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ക്രമീകരണങ്ങള്‍ വിലയിരുത്തിക്കൊണ്ടിരുന്നു. ആവശ്യമുള്ള സമയങ്ങളിലൊക്കെ മുഖ്യമന്ത്രി അവിടെ ഓടിയെത്തി. മഹാകുംഭമേള തങ്ങളുടേതാണെന്ന് ഓരോ പ്രയാഗ്‌രാജ് നിവാസിയും ഉത്തര്‍പ്രദേശുകാരനും അതിനപ്പുറം ഓരോ ഭാരതീയനും അഭിമാനത്തോടെ പറഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും ആഴ്ചകള്‍ക്ക് മുന്നെ തന്നെ സംന്യാസി ശ്രേഷ്ഠന്മാര്‍ മുതല്‍ സാധാരണ ഭക്തര്‍വരെയുള്ളവരെ സ്വീകരിക്കാന്‍ ഒരുങ്ങിയിരുന്നു.
ലക്ഷക്കണക്കിന് ഭക്തര്‍ ഒരേസമയം സ്‌നാനം ചെയ്യുന്നു. അതോടൊപ്പം കുടിക്കാനും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുമായി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളവും ആവശ്യമായിവന്നു. ഈ വെല്ലുവിളി അധികൃതര്‍ ഏറ്റെടുത്തത് ഹൈടെക് മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ മുതല്‍ പ്രകൃതിദത്തമായി ശുദ്ധീകരിക്കപ്പെടുന്ന കുളങ്ങള്‍ വരെ സ്ഥാപിച്ചാണ്. ഓരോ ദിവസവും മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന്. ഇതിനായി ഐഎസ്ആര്‍ഒയുടെയും ഭാഭാ ആണു ഗവേഷണ കേന്ദ്രത്തിന്റെയും സഹായമാണ് തേടിയത്. പ്രതിദിനം ഏകദേശം 16 ദശലക്ഷം ലിറ്റര്‍ വിസര്‍ജന മാലിന്യവും 240 ദശലക്ഷം ലിറ്റര്‍ മറ്റുതരത്തില്‍ മലിനമാക്കപ്പെട്ട ജലവും ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ നിന്നുള്ള ഖരമാലിന്യവുമാണ് സൃഷ്ടിക്കപ്പെട്ടത്. ഐഎസ്ആര്‍ഒ-ബാര്‍ക്ക് സഹകരണത്തിലൂടെ വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടര്‍ വഴി മലിനജലം സംസ്‌കരിച്ചു. മൂന്ന് പ്രീഫാബ്രിക്കേറ്റഡ് വിസര്‍ജ്ജ്യ പ്ലാന്റുകളില്‍ ഈ സാങ്കേതികവിദ്യഉപയോഗിച്ചു. ഇത് മനുഷ്യമാലിന്യങ്ങള്‍ കാര്യക്ഷമമായി സംസ്‌കരിച്ചു. ജിയോട്യൂബ് സാങ്കേതികവിദ്യ ഉപയോഗിച്ച് വലിയ അളവില്‍ ദ്രാവക മാലിന്യങ്ങള്‍ സംസ്‌കരിച്ചു. ശുദ്ധജലം പരിസ്ഥിതിയിലേക്ക് തന്നെ തിരികെവിട്ടു.
ഗുണകരമായ സൂക്ഷ്മാണുക്കളെ ഉപയോഗിച്ച് മാലിന്യങ്ങളെ വിഘടിപ്പിച്ച് ജലം ശുദ്ധീകരിക്കുന്ന ബയോറെമഡിയേഷന്‍ പ്രക്രിയയും ഉപയോഗിച്ചു. ഏകദേശം 75 വലിയ കുളങ്ങളില്‍ ശേഖരിക്കുന്ന മലിനജലത്തില്‍ പ്രകൃതിദത്തവും പരിസ്ഥിതിസൗഹൃദവുമായ ഈ രീതി പ്രയോഗിച്ചു. ഇത് ജലം ഫലപ്രദമായുംസുരക്ഷിതമായും സംസ്‌കരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കി. മാലിന്യസംസ്‌കരണം മനുഷ്യര്‍ കൈകാര്യം ചെയ്യുന്നത് പരമാവധി കുറച്ചു. നൂതന സാങ്കേതിക ഇടപെടലുകള്‍ ഉപയോഗിച്ച് ഉറവിടതലത്തിലുള്ള മാലിന്യ വേര്‍തിരിക്കലിന് ഊന്നല്‍ നല്‍കി. തന്ത്രപരമായ നിര്‍മാര്‍ജന സംവിധാനങ്ങള്‍ നടപ്പാക്കുകയും ചെയ്തു.
വിപുലമായ സുരക്ഷാസജ്ജീകരണങ്ങളാണ് പ്രദേശത്ത് ഒരുക്കിയത്. സൈബര്‍ ആക്രമണങ്ങള്‍ മുതല്‍ ഭീകരാക്രമണങ്ങള്‍ വരെ നേരിടാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. 50,000 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്‌ക്ക് മാത്രമായി വിന്യസിച്ചു. എഐ ക്യാമറകള്‍, ഡ്രോണുകള്‍ തുടങ്ങിയ നൂതനസാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി. ആക്രമണത്തിന് എത്തുന്ന ഡ്രോണുകളെ തിരിച്ചറിയുന്നതിനും നിര്‍വീര്യമാക്കുന്നതിനും പ്രത്യേകസജ്ജീകരണം ഒരുക്കി. തീര്‍ത്ഥാടകരെ സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു. കാണ്‍പൂര്‍ ഐഐടിയുമായി സഹകരിച്ചാണ് സൈബര്‍ ലോകത്തെ പട്രോളിങ്ങിനു നടപടി സ്വീകരിച്ചത്. മഹാകുംഭ് മേഖലയില്‍ സൈബര്‍ പോലീസ് സ്റ്റേഷനും സ്ഥാപിച്ചിരുന്നു.
ജനക്കൂട്ട നിയന്ത്രണം, ഗതാഗതം എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി 2,700 എഐ അധിഷ്ഠിത സിസിടിവി ക്യാമറകളാണ് സ്ഥാപിച്ചത്. ജനക്കൂട്ടത്തിന്റെ സാന്ദ്രത, ചലനം, ബാരിക്കേഡുകള്‍ മറികടക്കല്‍, തീ, പുക എന്നിവ നിരീക്ഷിക്കാനും മുന്നറിയിപ്പുകള്‍ നല്‍കുന്നതിനും പ്രത്യേകം സജ്ജീകരണങ്ങള്‍ ഒരുക്കി. 24 മണിക്കൂറും ജനക്കൂട്ടത്തിന്റെ ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടേയിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ തീര്‍ത്ഥാടകര്‍ക്കായി നിരവധി വഴിതിരിച്ചു വിടല്‍ പദ്ധതികളും ഒരുക്കി. ഏകദേശം ഒന്നരലക്ഷം പോര്‍ട്ടബിള്‍ ശുചിമുറികളാണ് നിര്‍മിച്ചിരുന്നത്. തുടര്‍ച്ചയായ ശുചീകരണത്തിനായി തൊഴിലാളികളെ വിന്യസിക്കല്‍, മതിയായ മെഡിക്കല്‍ സൗകര്യങ്ങള്‍ ഒരുക്കല്‍, സമഗ്ര മാലിന്യ ശേഖരണ, പരിപാലന അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കല്‍ എന്നിവ കുംഭമേളയ്‌ക്കായി അധികമായി നടപ്പാക്കി. പാരമ്പര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും സംയോജനം മഹാകുംഭമേളയുടെ ആത്മീയസത്ത സംരക്ഷിക്കുക മാത്രമല്ല, ലോകമെമ്പാടുമായി ഭാവിയിലെ വലിയ ഒത്തുചേരലുകള്‍ക്ക് ഒരു മാനദണ്ഡം സ്ഥാപിക്കുകയും ചെയ്തു.