
തിരുവനന്തപുരം: ശബരിമലയിൽ നിന്നും മോഷ്ടിച്ച സ്വർണ ഉണ്ണികൃഷ്ണൻ പോറ്റി വിറ്റെന്ന് സ്ഥിരീകരണം. ബെല്ലാരിയിലെ വ്യാപാരി ഗോവർദ്ധനാണ് സ്വർണം വിറ്റത്. പോറ്റിയിൽ നിന്നും സ്വർണം വാങ്ങിയെന്ന് ഗോവർദ്ധൻ മൊഴി നൽകി.
ഇന്നലെ വൈകുന്നേരത്തോടെയാണ് ഗോവർദ്ധനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഗോവർദ്ധന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി അന്വേഷണ സംഘം ബംഗളുരുവിലേക്ക് തിരിച്ചത്. ശബരിമലയിൽ നിന്നും സ്വർണപാളികൾ ഇളക്കിക്കൊണ്ടുപോവുകയും അതിൽ നിന്നും സ്വർണം ഉരുക്കി മോഷ്ടിക്കുകയും വിൽക്കുകയുമായിരുന്നു.
തൊണ്ടി മുതൽ കണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണ സംഘം ബെല്ലാരിയിലേക്ക് പോയത്. ചെന്നൈയിലേക്ക് പോറ്റിയെ കൊണ്ടുപോയി തെളിവെടുക്കാനാണ് അന്വേഷണ സംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ ഗോവർദ്ധന്റെ മൊഴിയിൽ തൊണ്ടിമുതൽ വീണ്ടെടുക്കാൻ സാധിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ബെംഗളുരുവിലേക്ക് പോറ്റിയെ കൊണ്ടു പോയത്.