
കോഴിക്കോട്: മണ്ഡലകാലത്ത് സന്നിധാനത്തും പരിസരത്തും അയ്യപ്പഭക്തര്‍ കഷ്ടപ്പെടുമ്പോള്‍ ദേവസ്വം ബോര്‍ഡ് അഖില ഭാരത അയ്യപ്പസേവാ സംഘത്തെ മാറ്റിനിര്‍ത്തുകയാണെന്ന് അയ്യപ്പസേവാ സംഘം.
അയ്യപ്പന്മാര്‍ കുടിവെള്ളവും ലഘുഭക്ഷണവും കിട്ടാതെ വലയുകയാണ്. 80 വര്‍ഷക്കാലം ശബരിമലയില്‍ സേവനങ്ങള്‍ ചെയ്ത് അനുഭവപരിചയമുള്ള അയ്യപ്പസേവാ സംഘത്തിനെ ചുമതലയേല്‍പ്പിക്കുകയാണെങ്കില്‍ അത് ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാര്‍ അനുവദിച്ചാല്‍ പമ്പ, നീലിമല, സന്നിധാനം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍, സ്‌ട്രെച്ചര്‍ സര്‍വീസ്, പ്രാഥമിക ചികിത്സ എന്നിവ നടത്താന്‍ സംഘം തയാറാണ്. സന്നിധാനത്തും പമ്പയിലും ഭക്തര്‍ക്ക് ലഘുഭക്ഷണം വരെ ഏര്‍പ്പാടാക്കാന്‍ 24 മണിക്കൂര്‍ കൊണ്ട് അയ്യപ്പ സേവാസംഘം സജ്ജമാകും. രണ്ട് വര്‍ഷമായി ശബരിമലയില്‍ നിന്നും അയ്യപ്പസേവാ സംഘം ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകളെ ദേവസ്വം ബോര്‍ഡും സര്‍ക്കാരും മാറ്റിനിര്‍ത്തുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ദേശീയ ട്രഷറര്‍ കെ. കൊച്ചുകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറി ടി.കെ. പ്രസാദ്, സംസ്ഥാന ട്രഷറര്‍ സി.പി. അരവിന്ദാക്ഷന്‍, എം.ബി. രാജേഷ് എന്നിവര്‍ സംബന്ധിച്ചു.