• Fri. Nov 21st, 2025

24×7 Live News

Apdin News

ശബരിമലയുടെ പവിത്രത വീണ്ടെടുക്കണം, അവതാരങ്ങളെ പുറത്താക്കണം; ദേവസ്വം പ്രസിഡൻറ് കെ.ജയകുമാറിന് തുറന്ന കത്തെഴുതി എൻ. ഹരി

Byadmin

Nov 21, 2025



കോട്ടയം : തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പ്രസിഡൻറ് കെ.ജയകുമാർ ഐ എഎസിന് തുറന്ന കത്തെഴുതി ബിജെപി നേതാവ് എൻ.ഹരി. ശബരിമലയെ കാലങ്ങളായി വരിഞ്ഞുമുറുക്കിയിരിക്കുന്ന ഇടപാടുകാരും ലോബികളും ഉൾപ്പെടുന്ന സംഘത്തെ പടിയിറക്കണമെന്നും, ശബരിമലയെ മാതൃകാ തീർത്ഥാടന കേന്ദ്രമായി മാറ്റണമെന്നും കത്തിൽ അഭ്യർത്ഥിക്കുന്നു. ശബരിമലയുടെ പരിപാവനതയും പവിത്രതയും വീണ്ടെടുക്കാനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണയും കത്തിൽ അറിയിക്കുന്നു.

നിഷ്പക്ഷനും സ്വതന്ത്രനും എന്ന് പ്രതിച്ഛായയുള്ള പുതിയ പ്രസിഡൻറ് ശബരിമലയെ സംശുദ്ധമാക്കാനുള്ള ആർജ്ജവം കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശബരിമലയിലും ഇടത്താവളങ്ങളിലും കാലങ്ങളായി പിടിമുറുക്കിയ അവതാരങ്ങളെ പുറത്താക്കണം. ഇവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ദേവസ്വം ബോർഡ് മായി ഒരു ബന്ധവുമില്ലാതെ ശബരിമല താവള മാക്കിയിരിക്കുന്നവരെ അടിയന്തരമായി മലയിറക്കണം.

വിരമിച്ച ശേഷവും അടയിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം. സംഘടന കരുത്തിൽ ശബരിമലയിൽ തുടർച്ചയായി വരുന്ന പോലീസ് ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിൽ ആക്കണം. അയ്യപ്പഭക്തരോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും ചെയ്യുന്നത് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശീലമാക്കിയിരിക്കുകയാണ്. ഭരണകക്ഷിയുടെ പിൻബലമാണ് ഇക്കൂട്ടർക്ക് തുണിയാവുന്നത്.

ശബരിമലയിലെ അക്കൗണ്ടിംഗ് ഓഡിറ്റ് സംവിധാനവും അടിമുടി ഉടച്ചുവാർക്കണം. പ്രത്യേകിച്ച് പൊതുമരാമത്ത് വകുപ്പിലെ ഇടപാടുകൾ സമഗ്രമായി പരിശോധിക്കണം. സുതാര്യവും സംശുദ്ധവുമായ സേവന പാരമ്പര്യമുള്ള വിദഗ്ധർ ഉൾപ്പെട്ട ഇന്റെർണൽ ഓഡിറ്റ് ടീം ശബരിമലയ്‌ക്ക് അനിവാര്യമാണ്.

ശബരിമലയിലെ ഫയൽ സംവിധാനവും കുറ്റമറ്റതാക്കണം. ഡിജിറ്റലൈസ് ചെയ്ത ഇ ഫയലിംഗ് സിസ്റ്റം നടപ്പാക്കണം. ഇതുവരെയുള്ള പല പ്രവൃത്തികളുടെയും ഫയലുകൾ കാണാനില്ല. കരാറുകാർ നിരതദ്രവ്യം സംബന്ധിച്ച് ഇടപാടുകൾക്കായി സമീപിക്കുമ്പോൾ പലപ്പോഴും ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്. ഇത് ശബരിമലയെ പോലെയുള്ള ഒരു ക്ഷേത്രത്തിന് അപമാനകരമാണ്. ഫയൽ കണ്ടെത്താൻ കോടതികളെ സമീപിക്കേണ്ട അവസ്ഥയാണ് പലപ്പോഴും.

സംസ്ഥാനത്തും പുറത്തുനിന്നും എത്തുന്ന അയ്യപ്പഭക്തർക്ക് ഭഗവാനെ തൊഴുതു മടങ്ങുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണം. ഇടനിലക്കാരും ചൂഷകരും ഇല്ലാതെ ദർശനം സാധ്യമാക്കണം. വെർച്ചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് സംവിധാനം ശബരിമലയിലെ തിരക്കിന് അനുസൃതമായി ശാസ്ത്രീയവും സമയബന്ധിതവുമാക്കണം. ശബരിമലയിലെ പ്രധാന ഇടത്താവളമായ എരുമേലിയുടെ സ്ഥിതി അതിദയനീയമാണ്. അയ്യപ്പൻറെ പൂജാ സാധനങ്ങൾ മുതൽ കുങ്കുമം വരെ കഴുത്തറപ്പൻ വിലയ്‌ക്കാണ് അയ്യപ്പഭക്തർ വാങ്ങുന്നത്. രാസ കുങ്കുമം ഉൾപ്പെടെ വിതരണം ചെയ്യുന്നതായി ആക്ഷേപമുണ്ട്.

എരുമേലിൽ എത്തുന്ന അയ്യപ്പഭക്തർക്ക് കുടിവെള്ളം ലഭ്യമാകുന്നില്ല.വിരിവയ്‌ക്കാൻ സ്ഥലമില്ല. കച്ചവട ലോബിയുടെ കൊടിയ ചൂഷണമാണ്. സ്വതന്ത്രമായി പേട്ടതുള്ളാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. എരുമേലിയിലേക്കുള്ള പാതകൾ ഇപ്പോഴും സുരക്ഷിതമല്ല. ആവർത്തിക്കുന്ന അപകടങ്ങൾ സംവിധാനത്തിന്റെ പാളിച്ചയാണ് ചൂണ്ടിക്കാട്ടുന്നത്. അയ്യപ്പ ഭക്തർ കൂടുതലായി എത്തുന്ന ഇനിയുള്ള ദിവസങ്ങളിൽ യാത്ര സുരക്ഷിതമാക്കാനുള്ള നടപടികൾ എടുക്കണം.

By admin