• Thu. Nov 27th, 2025

24×7 Live News

Apdin News

ശബരിമല : ഇതു വരെ ദര്‍ശനം നടത്തിയത് 10,29,451 ഭക്തര്‍

Byadmin

Nov 27, 2025



ശബരിമല : ഈ തീര്‍ത്ഥാടന കാലത്ത് അയ്യപ്പ ദര്‍ശനം നടത്തിയ ഭക്തരുടെ എണ്ണം പത്തു ലക്ഷം കഴിഞ്ഞു.ഇതു വരെ 10,29,451 ഭക്തരാണ് ഈ സീസണില്‍ ദര്‍ശനം നടത്തിയത്.

ശബരിമല തീര്‍ത്ഥാടനം തുടങ്ങി 12-ാം ദിനമായ വ്യാഴാഴ്ച വൈകിട്ട് ഏഴു മണി വരെ 79707 ഭക്തരാണ് മലകയറിയത്.കൃത്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുളളതിനാല്‍ തിരക്കിലും സുഖദര്‍ശനം തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നുണ്ട്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പുറപ്പെട്ടാല്‍ അധികനേരം കാത്തുനില്‍ക്കാതെ തന്നെ എല്ലാ ഭക്തര്‍ക്കും ദര്‍ശനം ഉറപ്പാക്കാന്‍ കഴിയുന്നുണ്ട്.ചില സമയങ്ങളില്‍ മാത്രമാണ് ക്യൂ മരക്കൂട്ടം വരെ നീളുന്നത്. ബിസക്റ്റും കുടിവെളളവും ലഭിക്കുന്നതിനാല്‍ ഇതും കഠിനമല്ല.

അതേസമയം ശബരിമല സന്നിധാനവും പരിസരവും 24 മണിക്കൂറും എക്സൈസ് നിരീക്ഷണത്തിലാണ്. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറും മൂന്ന് ഇന്‍സ്‌പെക്ടര്‍മാരും ആറ് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്ന 24 അംഗ സംഘമാണ് നിലവില്‍ സന്നിധാത്ത് ഡ്യൂട്ടിയില്‍ ഉള്ളത്. ഇന്റലിജന്‍സ് വിഭാഗത്തിലെ രണ്ടു പേരും സേവനത്തിനുണ്ട്.

എക്‌സൈസ് പരിശോധനയില്‍ ഇതുവരെ 198 നിയമലംഘനങ്ങള്‍ കണ്ടെത്തി 39,600 രൂപ പിഴയായി ഈടാക്കി. പുകവലി, അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗം തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്.

By admin