തിരുവനന്തപുരം: ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. ദർശനത്തിന് ഭക്തർക്ക് ശബരിമലയിൽ വരാൻ ഭയമാണ്. എന്തെങ്കിലും സമർപ്പിക്കാൻ ഭയമാണ്. ദൈനംദിന കാര്യത്തിനും താന്ത്രിക കാര്യത്തിനും തടസം നിൽക്കുന്നു. ആരാണ് തടസമുണ്ടാക്കുന്നതെന്ന് പറയുന്നില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു.
മറ്റ് ക്ഷേത്രങ്ങൾക്കൊന്നും ബാധകമാകാത്ത ചില തടസങ്ങൾ ശബരിമലയിലുണ്ട്. എങ്ങനെയാണ് ശബരിമലയിലെ ദൈനംദിന വികസനങ്ങൾ മുന്നോട്ടുകൊണ്ടുപോകേണ്ടത് എന്ന കാര്യത്തിൽ എനിക്കും പേടിയുണ്ട്. സ്വർണപ്പാളി വിഷയത്തിൽ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ചെയ്തിരിക്കുന്നത്. സ്വർണപ്പാളി അറ്റകുറ്റപ്പണിയിലെ കോടതി ഇടപെടലിനിടെയാണ് പി.എസ് പ്രശാന്ത് ഇങ്ങനെ ഒരു പ്രതികരണം നടത്തിയത്.
എല്ലാ കാര്യത്തിലും ആശങ്കയുണ്ട്. അതിനെ സംബന്ധിച്ച് കൃത്യമായ രൂപരേഖ വേണം. ആ രേഖയില്ലെങ്കിൽ മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസമായിരിക്കും. ഒരു ആരാധനാലയത്തെ സംബന്ധിച്ച് അതൊരു നല്ല കാര്യമല്ല. എല്ലാം മാറ്റി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോടതി ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഞങ്ങൾ നൽകിയിട്ടുണ്ട്. സ്വർണപാളി വിഷയം ഏത് അന്വേഷണ ഏജൻസി വേണമെങ്കിലും അന്വേഷിച്ചോട്ടെ. ഞങ്ങളുടെ കൈകൾ ശുദ്ധമാണ്- പിഎസ് പ്രശാന്ത് പറഞ്ഞു.