
തിരുവനന്തപുരം: ശബരിമല കൊടിമര പുനപ്രതിഷ്ഠയ്‌ക്ക് സംഭാവന നല്‍കിയത് സംബന്ധിച്ച് താരങ്ങളായ മോഹന്‍ലാലും നിലവില്‍ കേന്ദ്രമന്ത്രി കൂടി ആയ സുരേഷ് ഗോപിയും വരും ദിവസങ്ങളില്‍ മൊഴി നല്‍കും.മൊഴി നല്‍കാനുള്ള തങ്ങളുടെ സന്നദ്ധത ഇരുവരും വിജിലന്‍സ് സംഘത്തെ അറിയിച്ചിട്ടുണ്ട്.
സ്വര്‍ണ നാണയങ്ങളായാണ് സംഭാവന നല്‍കിയതെന്ന് ചില സിനിമാ താരങ്ങള്‍ വിജിലന്‍സിന് മൊഴി നല്‍കി.സംവിധായകന്‍ ഷാജി കൈലാസ്, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍ എന്നിവരാണ് മൊഴി നല്‍കിയത്. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ കൊടിമര പുനപ്രതിഷ്ഠയ്‌ക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.
സംഭാവന നല്‍കിയ ചിലര്‍ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍ തെളിവുകള്‍ സഹിതം പറഞ്ഞത് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം ഓര്‍മയില്ലെന്നും പറയുന്നു.
27 പേര്‍ സ്വര്‍ണം സംഭാവന നല്‍കിയെന്നാണ് ദേവസ്വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൂടൂതല്‍ പേര്‍ സംഭാവന നല്‍കിയോ എന്നറിയാനാണ് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാന്‍ വിജിലന്‍സ് നീക്കം നടത്തുന്നത്. സ്വര്‍ണം നല്‍കിയവര്‍ തെളിവുകളോടെ ഇത് വിജിലന്‍സ് സംഘത്തെ അറിയിച്ചാല്‍ വിജിലന്‍സ് ഈ പേരുകള്‍ ദേവസ്വം രേഖകളുമായി ഒത്തുനോക്കും.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊടിമര പുനപ്രതിഷ്ഠയ്‌ക്ക് ലഭിച്ച സംഭാവനയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘത്തെ രൂപീകരിച്ചത്. കൊടിമര പുനപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ദേവപ്രശ്നത്തിന്റെ രേഖകള്‍ ഉള്‍പ്പെടെ വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.