
കൊച്ചി: ശബരിമലയിലെ ജീവനക്കാരുടെയും പൂജാരിമാരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഹൈക്കോടതിക്ക് ആശങ്കയും ഞെട്ടലും. മണ്ഡല, മകരവിളക്ക് സീസണ്‍ കാലത്ത് ബാങ്കുകളില്‍ വലിയ തോതിലാണ് നിക്ഷേപം നടന്നത്.
മാളികപ്പുറം മേല്‍ശാന്തി 46.5 ലക്ഷം രൂപയാണ് ഇക്കാലത്ത് ബാങ്കില്‍ നിക്ഷേപിച്ചത്. 1,667 ഇടപാടുകളിലൂടെ എസ്ബിഐയുടെ സന്നിധാനം ശാഖയില്‍ എട്ട് കോടിയിലേറെ രൂപ നിക്ഷേപിക്കപ്പെട്ടു.942 ഇടപാടുകളിലൂടെ ധനലക്ഷ്മി ബാങ്ക് സന്നിധാനം ശാഖയില്‍ 11.5 കോടിയോളം രൂപ നിക്ഷേപിക്കപ്പെട്ടു.
ശബരിമലയിലെ ദിവസ വേതനക്കാര്‍ മുതല്‍ സ്ഥിരം ജീവനക്കാരുടെ വരെ സാമ്പത്തിക തിരിമറിയുടെ വിവരങ്ങളാണ് പുറത്ത് വരുന്നത്.ജീവനക്കാര്‍ വന്‍തുകകള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചതായി സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തില്‍ 487 സാമ്പത്തിക ഇടപാടുകളാണ് കണ്ടെത്തിയിരിക്കുന്നത്. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 31 വരെയുള്ള സന്നിധാനത്തെ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ വന്‍ തുക നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്.
നിക്ഷേപം നടത്തിയവരില്‍ ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍, ശാന്തിമാര്‍, കീഴ്ശാന്തിമാര്‍, ഹോട്ടല്‍ ഉടമകള്‍, സന്നിധാനത്തെ മറ്റ് ജീവനക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു.സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചത്.