
പത്തനംതിട്ട: സുഗമമായ ശബരിമല തീര്‍ത്ഥാടനം സാധ്യമാക്കുക എന്ന ഉദ്ദേശത്തോടെ എരുമേലിയില്‍ നിന്നും കാനനപാതയിലൂടെയുള്ള സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.വര്‍ധിച്ചുവരുന്ന ഭക്തജനതിരക്ക് കണക്കിലെടുത്ത് ആണിത്.
എരുമേലി കാനനപാത (കോയിക്കല്‍കാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം 13/01/2026 ഉച്ചക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് 3 മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് 5 മണിവരെയും നിശ്ചയിച്ചിട്ടുണ്ട്. മേല്‍പ്പറഞ്ഞ സമയങ്ങള്‍ക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുള്ള എല്ലാ സഞ്ചാരങ്ങളും നിരോധിച്ചിട്ടുള്ളതായാണെന്നാണ് അറിയിപ്പ്.
അതേസമയം ശബരിമലയില്‍ മകരവിളക്കിനുളള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. പര്‍ണശാലകള്‍ കെട്ടി അയ്യപ്പ ഭക്തര്‍ സന്നിധാനത്ത് തങ്ങുന്നുണ്ട്. ചൊവ്വാഴ്ചയോട് കൂടി തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. തിങ്കളാഴ്ച 54000 പേരാണ് ഇതുവരെ ദര്‍ശനം നടത്തിയത്. നിലക്കലിലും പമ്പയിലും നിന്ന് സന്നിധാനത്തേക്ക് നിയന്ത്രണങ്ങളോടെ മാത്രമേ അയ്യപ്പ ഭക്തര കടത്തിവിടുന്നുള്ളു. ബുധനാഴ്ചയാണ് ശബരിമലയില്‍ മകരവിളക്ക് നടക്കുക.