
കോട്ടയം: ശബരിമല തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുന്‍പ് ഏറ്റുമാനൂര്‍ ഇടത്താവളത്തില്‍ ഭക്തര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാന്‍ ദേവസ്വം മന്ത്രി വി.എന്‍. വാസവന്‌റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം.
തീര്‍ത്ഥാടനം സുഗമമാക്കുന്നതിനായി എല്ലാ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണം. കോട്ടയം മെഡിക്കല്‍ കോളജിന്റെ ഏറ്റൂമാനൂര്‍ എക്സ്റ്റന്‍ഷന്‍ കൗണ്ടറില്‍ സീസണ്‍ ആരംഭിക്കുന്നതിനു മുന്‍പ് ഒരു ഡോക്ടറെക്കൂടി നിയമിക്കണം. കൗണ്ടര്‍ വൈകിട്ടും തുറന്ന് പ്രവര്‍ത്തിക്കണം. തിരക്കനുസരിച്ച് ഏറ്റുമാനൂരില്‍നിന്ന് പമ്പയിലേക്ക് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസ് സര്‍വീസുകള്‍ നടത്തണം തുടങ്ങിയ നിര്‍ദേശങ്ങള്‍ മന്ത്രി നല്‍കി.
ക്ഷേത്രപരിസരത്തും ടൗണിലും കൂടുതല്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിനായി കരാര്‍ ഒപ്പിട്ടിട്ടുണ്ട്. അടുത്തയാഴ്ച മുതല്‍ ഇവ പ്രവര്‍ത്തനക്ഷമമാകും. വടക്കേ ഗോപുര നടയില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയെടുക്കും.
ക്ഷേത്ര പരിസരത്ത് റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും 70 പോലീസുകാരെ ഏറ്റുമാനൂരില്‍ ഡ്യൂട്ടിക്ക് നിയോഗിക്കും. പോലീസ് എയിഡ് പോസ്റ്റും ഉണ്ടാകും.
കെ.എസ്.ആര്‍.ടി.സി കോട്ടയത്തു നിന്നുള്ള പമ്പ സര്‍വീസിനായി ആദ്യ ഘട്ടത്തില്‍ 50 ബസുകളും പിന്നീട് 20 ബസുകളും അധികമായി അനുവദിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദീപാരാധനയ്‌ക്കു ശേഷം ഏറ്റുമാനൂര്‍ ക്ഷേത്ര പരിസരത്തുനിന്ന് പമ്പ സര്‍വീസ് ഉണ്ടാകും.