• Sun. Nov 9th, 2025

24×7 Live News

Apdin News

ശബരിമല ദര്‍ശനം: സ്‌പോട്ട് ബുക്കിംഗ് പരിമിതം, വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കുമെന്ന് പൊലീസ്

Byadmin

Nov 9, 2025



പത്തനംതിട്ട: തിരക്ക് ഒഴിവാക്കാന്‍ ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ അനുവദിച്ച സമയത്തിനുള്ളില്‍ മാത്രം എത്തുന്ന രീതിയില്‍ യാത്ര ആസൂത്രണം ചെയ്യണമെന്നും പൊലീസ് അറിയിച്ചു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇല്ലാതെ എത്തുന്നവര്‍ക്ക് ദര്‍ശനത്തിന് അസൗകര്യവും നീണ്ട കാത്തിരിപ്പും ഉണ്ടാകാം.
പരമ്പരാഗത പാതയായ മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍ എന്നിവയിലൂടെ സന്നിധാനത്ത് എത്തുക, പതിനെട്ടാംപടിയിലെത്താന്‍ ക്യൂ സംവിധാനം പാലിക്കുക, മടക്കയാത്രയ്‌ക്ക് നടപ്പന്തല്‍ മേല്‍പ്പാലം ഉപയോഗിക്കുക. ഡോളി ഉപയോഗിക്കുമ്പോള്‍ ദേവസ്വം കൗണ്ടറില്‍ മാത്രം പണമടച്ച് രസീത് സൂക്ഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും പൊലീസ് നല്‍കുന്നു.
വാഹനത്തകരാര്‍, അപകടങ്ങള്‍, ആരോഗ്യപ്രശ്‌നങ്ങള്‍, മൃഗങ്ങളുടെ ഭീഷണി, മോഷണം, കുറ്റകൃത്യങ്ങള്‍, ഒപ്പമുള്ളവരെ കാണാതാകല്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ‘14432’ എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പരില്‍ പൊലീസിനെ ബന്ധപ്പെടാം.
കുട്ടികള്‍, പ്രായമായവര്‍, മാളികപ്പുറങ്ങള്‍ തുടങ്ങിയവരുടെ കഴുത്തില്‍ വിലാസവും കോണ്‍ടാക്ട് നമ്പറുകളും അടങ്ങിയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ധരിക്കാന്‍ ശ്രദ്ധിക്കണമെന്നും പൊലീസ് നിര്‍ദേശിക്കുന്നു.

By admin