
തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടനത്തിന് സമഗ്രമാറ്റം വരുത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് . അടുത്ത തീര്‍ത്ഥാടന കാലത്തിലേക്കുള്ള പുതിയ സമീപന രേഖ പ്രസിഡന്റ് കെ ജയകുമാര്‍ ബോര്‍ഡ് യോഗത്തില്‍ അവതരിപ്പിച്ചു. സുരക്ഷ, ശുചിത്വം, സേവനങ്ങള്‍, ആകര്‍ഷകമായ അന്തരീക്ഷം, ആശയവിനിമയവും പബ്ലിക് റിലേഷന്‍സും എന്നിങ്ങനെ 5 ശീര്‍ഷങ്ങളിലായി വിശദമായ സമീപന രേഖയാണ് അവതരിപ്പിച്ചത്. ഭക്തര്‍ക്കുള്ള സേവനത്തിന് പരമപ്രധാനം നല്‍കിയുള്ളതാണ് സമീപന രേഖ. ശുചീകരണത്തിനും ശുചിത്വത്തിനും പ്രൊഫഷണല്‍ നിലവാരം ഉറപ്പ് വരുത്തും.
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന് മാത്രമായി പ്രത്യേക ബഡ്ജറ്റ് തയ്യാറാക്കും. ശബരിമല ഫെസ്റ്റിവല്‍ അക്കൗണ്ടുകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ തല്‍സമയം ആഡിറ്റ് ചെയ്യാനും തീരുമാനിച്ചു.വരുന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തിനായുള്ള ഫെസ്റ്റിവല്‍ കണ്‍ട്രോള്‍ ഓഫീസ് ഏപ്രില്‍ മാസത്തില്‍ തന്നെ പമ്പയില്‍ പ്രവര്‍ത്തനം ആരംഭിക്കും.
പ്രൊഫഷണല്‍ സമീപനം ഉറപ്പ് വരുത്തുന്നതിനായി ശബരിമല ഡ്യൂട്ടിക്കെത്തുന്ന എല്ലാ ദേവസ്വം ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനം നല്‍കും. ക്രൗഡ് മാനേജ്മെന്റ്, ഭക്തജനങ്ങളുടെ സുരക്ഷ എന്നിവയ്‌ക്കായി കൂടുതല്‍ സാങ്കേതിക സഹായം ഉറപ്പാക്കും. മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പെങ്കിലും മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പുതിയ സമീപന രേഖയിലുണ്ട്.