കൊച്ചി: ശബരിമല മില്‍മ നെയ്യ് അഴിമതി കേസിൽ എസ്‌ഐടി പട്ടിക സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി. വിജിലന്‍സിലെ അഞ്ച് ഇന്‍സ്‌പെക്ടര്‍മാരാണ് അന്വേഷണ സംഘത്തിലുള്ളത്. മേല്‍നോട്ട ചുമതലയക്ക് മൂന്ന് പേരുടെ പട്ടികയും കൈമാറി. എസ്.പിമാരായ ജുവനപ്പുടി മഹേഷ്, എം.ജെ സോജന്‍, ആര്‍. ബിനു എന്നിവരാണ് സംഘത്തിലുള്ളത്.
എസ്‌ഐടി തലവന്‍ ആരെന്ന് ഹൈക്കോടതി തീരുമാനിക്കും. വിജിലന്‍സ് മേധാവി മനോജ് അബ്രഹാമാണ് പട്ടിക നല്‍കിയത്. ശബരിമലയിലെ മെയിൻ സ്റ്റോറിലേക്ക് സാധന സാമഗ്രികൾ വാങ്ങിയതിൽ വൻ ക്രമക്കേടെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2017 മുതൽ 2020 വരെയുള്ള കാലത്ത് പത്ത് ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. മെയിൻ സ്റ്റോർ സൂപ്രണ്ട് അടക്കമുള്ളവർക്ക് പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
നെയ് ക്രമക്കേടിന് പിന്നാലെയാണ് തട്ടിപ്പിന്റെ മറ്റ് വിവരങ്ങൾ കൂടി പുറത്തുവരുന്നത്. മെയിൻ സ്റ്റോറിലേക്ക് ആവശ്യമായതിന്റെ അഞ്ചിരട്ടിയിലേറെ സാധനങ്ങൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. അഭിഷേകത്തിന്റെ മറവിലാണ് വാങ്ങിക്കൂട്ടൽ 2017-20 കാലത്തെ മെയിൻ സ്റ്റോർ സൂപ്രണ്ടായിരുന്ന എസ് മനുവിനെ കുറിച്ചുള്ള പരാതിയിലെ അന്വേഷണത്തിലാണ് കണ്ടെത്തൽ.