• Wed. Nov 5th, 2025

24×7 Live News

Apdin News

ശബരിമല മുന്നൊരുക്കം തുടങ്ങിയില്ല; ഉണരാതെ ചെങ്ങന്നൂര്‍ ഇടത്താവളം

Byadmin

Nov 5, 2025



ചെങ്ങന്നൂര്‍: വൃശ്ചികം പിറക്കാന്‍ ഇനി 11 നാള്‍. നിലയ്‌ക്കലും പമ്പയിലും മുന്നൊരുക്കങ്ങള്‍ ഒന്നുമായിട്ടില്ല. ഭക്തലക്ഷങ്ങള്‍ക്ക് സൗകര്യമൊരുക്കേണ്ട ഇടത്താവളങ്ങളില്‍ ഇനിയും സൗകര്യങ്ങള്‍ ഒരുക്കിത്തുടങ്ങിയിട്ടില്ല. തീര്‍ത്ഥാടനം ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പു തന്നെ ചെങ്ങന്നൂരില്‍ ഭക്തര്‍ എത്തിത്തുടങ്ങും. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ട്രെയിനിലെത്തി ഇവിടെയിറങ്ങി ദര്‍ശനത്തിനു പോകുന്നത്. ശബരിമലയിലേക്ക് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍, പഞ്ചപാണ്ഡവ ക്ഷേത്രങ്ങള്‍, ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രം എന്നിവ കണക്കിലെടുത്താണ് അധികം തീര്‍ത്ഥാടകരും ചെങ്ങന്നൂരില്‍ ഇറങ്ങാറ്. എന്നാല്‍ ശബരിമലയുടെ പ്രവേശന കവാടം എന്ന് വിശേഷിപ്പിക്കുന്ന പേരു മാത്രമാണ് ഇന്ന് ചെങ്ങന്നൂരിനുള്ളത്.

തീര്‍ത്ഥാടനത്തിന് രണ്ടാഴ്ച പോലുമില്ലെന്നിരിക്കെ മുന്നൊരുക്കങ്ങള്‍ ഒന്നും തന്നെ നടന്നിട്ടില്ല. ഭരണകര്‍ത്താക്കള്‍ തീര്‍ത്ഥാടകര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രഖ്യാപനങ്ങള്‍ മാത്രമാണ് നടത്തിയത്. തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കാന്‍ ശബരിമല അവലോകനയോഗം ചേര്‍ന്നത് കഴിഞ്ഞ മാസം 13-നാണ്. മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിലെ പ്രധാന തീരുമാനങ്ങളില്‍ ചിലത് മാത്രമായിരുന്നു ഇവ.പ്രധാന സ്ഥലങ്ങളില്‍ മിനി മാക്സ് ലൈറ്റുകള്‍ സ്ഥാപിക്കുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക, കെഎസ്ആര്‍ടിസിയില്‍ വിരിവയ്‌ക്കാന്‍ സൗകര്യം, കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിര്‍മാണം, ഓട്ടോ- ടാക്സിക്ക് നിരക്കുകള്‍ നിശ്ചയിക്കുക, ഭക്ഷണവില നിശ്ചയിക്കുക, തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുക. കാര്യങ്ങള്‍ വേഗം പൂര്‍ത്തിയാക്കണമെന്നായിരുന്നു യോഗത്തില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നല്കിയ നിര്‍ദേശം. എന്നാല്‍ ഇപ്പോഴത്തെ നിലയ്‌ക്കാണ് കാര്യങ്ങളുടെ പോക്കെങ്കില്‍ തീര്‍ത്ഥാടനം തുടങ്ങിയാല്‍ പോലും മുന്നൊരുക്കങ്ങള്‍ ആരംഭിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാകുമ്പോഴേക്കും തീര്‍ത്ഥാടനകാലം അവസാനിച്ചിരിക്കും. മഹാദേവ ക്ഷേത്രത്തിന് മുന്‍പില്‍ റോഡ് തകര്‍ന്നിട്ട് മാസങ്ങളായി.

നഗരത്തില്‍ പരിഷ്‌കരണം നടത്തുകയോ ഓട്ടോ-ടാക്സിക്ക് നിരക്കുകള്‍ നിശ്ചയിക്കുകയോ ചെയ്തിട്ടില്ല, ഹോട്ടലുകളിലെ വിലനിയന്ത്രിക്കുന്നത് സംബന്ധിച്ച് യോഗം വിളിച്ചുചേര്‍ത്തിട്ടില്ല.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ള, പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതിന് നടപടികള്‍ ഒന്നുമായില്ല. കെഎസ്ആര്‍ടിസിയില്‍ കാത്തിരിപ്പ് കേന്ദ്രത്തിന്റെ പണിതുടങ്ങിയത് മാത്രമാണ് പേരിനെങ്കിലും ചൂണ്ടിക്കാട്ടാനുള്ളത്. തീര്‍ത്ഥാടനം കൃത്യമായി തുടങ്ങുമെന്നുള്ളതിനാല്‍ ആറുമാസം മുന്‍പെങ്കിലും പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കാവുന്നതേയുള്ളൂ എന്നിരിക്കേയാണ് ഈ അലംഭാവം. മാസങ്ങള്‍ക്ക് മുമ്പ് ഒരുക്കങ്ങള്‍ തുടങ്ങിയാല്‍ മുന്‍ വര്‍ഷങ്ങളിലെ പോരായ്‌മകള്‍ക്ക് ഒരുപരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്നിരിക്കെ തീര്‍ത്ഥാടനം അടുത്തെത്തിയിട്ടും പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതില്‍ അധികൃതര്‍ മെല്ലെപ്പോക്ക് നയം തുടരുന്നത് ഭക്തരോടുള്ള അവഗണനയായേ കാണാന്‍ കഴിയൂ.

By admin