
കോട്ടയം: നിർദിഷ്ട ശബരിമല വിമാനത്താവള പദ്ധതി പ്രദേശമായ ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശ തർക്കത്തിൽ സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടി. എസ്റ്റേറ്റ് ഭൂമി സർക്കാരിൻ്റേതാണെന്ന് അവകാശപ്പെട്ട് നൽകിയ സിവിൽ ഹർജി പാലാ സബ് കോടതി തള്ളി. ഇതോടെ ശബരിമല വിമാനത്താവള പദ്ധതിയുടെ ഭാവി വീണ്ടും അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
സ്റ്റേറ്റ് ഭൂമിയുമായി ബന്ധപ്പെട്ട് ബിലിവേഴ്‌സ് ചര്‍ച്ചിന്റെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായുള്ള രണ്ടായിരത്തിലേറെ ഏക്കര്‍ ഭൂമിയിലാണ് സര്‍ക്കാര്‍ അവകാശം ഉന്നയിച്ചത്. അയന ചാരിറ്റബിള്‍ ട്രസ്റ്റിന് പുറമെ ഹാരിസണ്‍ മലയാളവും കേസിലെ എതിര്‍ കക്ഷിയാണ്.
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ ഉടമസ്ഥതയിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റ് കൈവശം വച്ചിരിക്കുന്ന 2263 ഏക്കർ ഭൂമി തിരിച്ചുപിടിക്കാനാണ് സർക്കാർ കോടതിയെ സമീപിച്ചത്. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഈ ഭൂമി 1910ലെ സെറ്റിൽമെൻ്റ് രജിസ്റ്റർ പ്രകാരം പണ്ടാരപ്പാട്ട ഭൂമിയാണെന്നായിരുന്നു സർക്കാരിന്റെ വാദം. ഹാരിസൺ മലയാളം ലിമിറ്റഡ് ഈ ഭൂമി നിയമവിരുദ്ധമായാണ് കൈമാറിയതെന്നും 1947ന് മുമ്പുള്ള രേഖകൾ പ്രകാരം ഇത് സർക്കാർ വക ഭൂമിയാണെന്നും റവന്യൂ വകുപ്പ് വാദിച്ചിരുന്നു. രാജമാണിക്കം കമ്മിറ്റിയുടെ റിപ്പോർട്ടും ഈ വാദങ്ങളെ ശരിവച്ചിരുന്നു. വിദേശ കമ്പനികളുടെ ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് ഈ ഭൂമി സർക്കാരിലേക്ക് തിരിച്ചുപിടിക്കണമെന്നതായിരുന്നു സർക്കാരിന്റെ ആവശ്യം.
എന്നാൽ സർക്കാരിന്റെ വാദങ്ങൾ പൂർണമായും തള്ളിക്കൊണ്ട്, ഉടമസ്ഥാവകാശം സംബന്ധിച്ച അയന ചാരിറ്റബിൾ ട്രസ്റ്റിന്റെ രേഖകൾ കോടതി അംഗീകരിക്കുകയായിരുന്നു. ഹാരിസൺ മലയാളം ലിമിറ്റഡ് 2005ലാണ് ബിഷപ്പ് കെപി യോഹന്നാന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റിന് ഈ ഭൂമി കൈമാറിയത്. ഈ കൈമാറ്റത്തിന് നിയമസാധുതയുണ്ടെന്ന വാദമാണ് കോടതി ഇപ്പോൾ ശരിവച്ചിരിക്കുന്നത്. സർക്കാരിന്റെ സിവിൽ ഹർജി ‘സ്യൂട്ട് ഡിസ്മിസ്ഡ്’ (Suit Dismissed) എന്ന് രേഖപ്പെടുത്തിക്കൊണ്ടാണ് കോടതി തള്ളിയത്. ഇതോടെ ഗോസ്പൽ ഫോർ ഏഷ്യയുടെ (അയന ചാരിറ്റബിൾ ട്രസ്റ്റ്) ഉടമസ്ഥാവകാശ വാദങ്ങൾ കോടതി അംഗീകരിച്ചു.
ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കാർ 2019ൽ പാലാ സബ് കോടതിയെ സമീപിച്ചത്. ഹൈക്കോടതിയും സുപ്രീംകോടതിയും മുൻപ് ഈ വിഷയത്തിൽ സിവിൽ കോടതിയുടെ തീരുമാനം കാത്തിരിക്കുകയായിരുന്നു. ഏഴ് വർഷത്തോളം നീണ്ട തർക്കങ്ങൾക്കും അഞ്ചു വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലുമാണ് ഇപ്പോൾ സർക്കാരിന് വിപരീതമായ വിധി വന്നിരിക്കുന്നത്. എസ്റ്റേറ്റ് ഭൂമി സർക്കാരിൻ്റേതല്ലെന്ന് കോടതി വ്യക്തമാക്കിയതോടെ ഇനി പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കിൽ സർക്കാർ ഒന്നുകിൽ ഈ ഭൂമി വില കൊടുത്ത് വാങ്ങേണ്ടി വരും. അല്ലെങ്കിൽ ഉടമസ്ഥരുമായി വിട്ടുവീഴ്ച ചെയ്യേണ്ടി വരും.
രണ്ടാം പിണറായി സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ ശബരിമല വിമാനത്താവളത്തിന്റെ നിർമാണ പ്രവർത്തനങ്ങളെ ഈ വിധി സാരമായി ബാധിക്കും. പദ്ധതി നടപ്പിലാക്കണമെങ്കിൽ അയന ചാരിറ്റബിൾ ട്രസ്റ്റിൽ നിന്ന് വിപണി വില നൽകി ഭൂമി ഏറ്റെടുക്കേണ്ടി വരുന്നത് പദ്ധതിയുടെ ചെലവ് ഗണ്യമായി വർധിക്കാൻ ഇടയാക്കും. സർക്കാർ ഇതിനോടകം തന്നെ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും സാമൂഹിക ആഘാത പഠനം പൂർത്തിയാക്കുകയും ചെയ്തിരുന്നു. പാലാ കോടതിയുടെ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് സർക്കാർ ആലോചിക്കുന്നത്.