• Tue. Nov 26th, 2024

24×7 Live News

Apdin News

ശബരിമല വിശേഷം: അന്നദാന മണ്ഡപത്തില്‍ തിരക്കേറുന്നു

Byadmin

Nov 26, 2024


ശബരിമല: ദര്‍ശനത്തിന് എത്തുന്ന എല്ലാ അയ്യപ്പഭക്തര്‍ക്കും ഭക്ഷണം നല്കി സന്നിധാനത്തെ ദേവസ്വം അന്നദാന മണ്ഡപം. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ രാവിലെ ആറ് മുതല്‍ ആരംഭിക്കുന്നു. 11 വരെ പ്രഭാത ഭക്ഷണം ലഭിക്കും. ഉച്ചയ്‌ക്ക് 12 മുതല്‍ 3:30 വരെയാണ് ഉച്ചഭക്ഷണം. പുലാവും കറികളുമാണ് ഉച്ചഭക്ഷണം. രാത്രി 6:30 മുതല്‍ ഭക്തരുടെ തിരക്ക് അവസാനിക്കുന്നതുവരെ അത്താഴവും നല്കുന്നുണ്ട്.

ഒരേ സമയം 1000 പേര്‍ക്ക് ഭക്ഷണം കഴിക്കാവുന്ന തരത്തിലാണ് ഊട്ടുപുര ഒരുക്കിയിട്ടുള്ളത്. ഭക്തജനതിരക്ക് കൂടുന്നതനുസരിച്ച് 2500 പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തില്‍ ക്രമീകരിക്കാന്‍ കഴിയും. ഭക്ഷണ അവശിഷ്ടങ്ങള്‍ അതത് സമയത്ത് തന്നെ പവിത്രം ശബരിമലയുടെ വോളന്റിയര്‍മാര്‍ ഇന്‍സിനറേറ്ററില്‍ എത്തിക്കുന്നു. 50 സ്ഥിരം സ്റ്റാഫുകളും 200 ദിവസവേതനക്കാരും ചേര്‍ന്നാണ് ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ഭക്ഷണം ഒരുക്കുന്നത്.

ഭക്ഷ്യപൊതുവിതരണ വകുപ്പ് പിഴ ചുമത്തി

സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടത്തിയ പരിശോധനകളെ തുടര്‍ന്ന് വിവിധ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. സന്നിധാനത്ത് 17 കടകളില്‍ നടന്ന പരിശോധനകളില്‍ ന്യുനത കണ്ടെത്തിയ രണ്ട് എണ്ണത്തിനാണ് 25,000 രൂപ പിഴ ചുമത്തിയത്. മണ്ഡലകാലം അവസാനിക്കുന്നത് വരെ കര്‍ശനമായ പരിശോധനകള്‍ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു

സന്നിധാനത്ത് തിരക്ക് നിയന്ത്രണം, ബോംബ് സ്‌ക്വാഡ്, ഇന്റലിന്‍ജന്‍സ് ഡ്യൂട്ടികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള രണ്ടാം ബാച്ച് പോലീസ് ഉദ്യോഗസ്ഥര്‍ ചുമതലയേറ്റു. ശബരിമല ശ്രീധര്‍മ്മശാസ്താ ഓഡിറ്റോറിയത്തില്‍ സ്പെഷല്‍ ഓഫീസര്‍ കെ.ഇ. ബൈജു പുതുതായി ചുമതലയേല്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്കി.
ഡിസംബര്‍ 6 വരെ 12 ദിവസമാണ് ബാച്ചിന് ഡ്യൂട്ടി. എട്ട് ഡിവൈഎസ്പിമാരുടെ കീഴില്‍ 8 ഡിവിഷനുകളില്‍ 27 സിഐ, 90 എസ്ഐ, എഎസ്ഐ, 1250 എസ്സിപിഓ,സി പി
ഓമാരാണ് സന്നിധാനത്ത് ഭക്തരുടെ തിരക്ക് നിയന്ത്രണത്തിന്നായി വിന്യസിച്ചിട്ടുള്ളത്. ഒരു ഡിവൈഎസ്പി, രണ്ട് സിഐ, 12 എസ്ഐ, എഎസ്ഐ, 155 എസ്സിപിഓ, സി പി ഓ എന്നിവരടങ്ങുന്ന ഇന്റലിജന്‍സ് ബോംബ് സ്‌ക്വാഡ് ടീമും ചുമതയേറ്റു.



By admin