• Thu. Oct 30th, 2025

24×7 Live News

Apdin News

ശബരിമല സ്വര്‍ണകൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു

Byadmin

Oct 30, 2025


ശബരിമല സ്വര്‍ണകൊള്ള കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. പോറ്റിയെ തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലേക്ക് മാറ്റും. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

ഓപ്പണ്‍ കോര്‍ട്ടിലാണ് കേസ് പരിഗണിച്ചത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആക്കാമെന്ന് എസ്‌ഐടി അറിയിച്ചു. നാളെ വീഡിയോ കോണ്‍ഫറന്‍സ് വഴി വീണ്ടും കോടതിയില്‍ ഹാജരാക്കും. പരാതികള്‍ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തോട് ഇല്ലെന്നായിരുന്നു പോറ്റിയുടെ മറുപടി. അസുഖങ്ങള്‍ ഉണ്ടെന്നും ബംഗളൂരുവില്‍ ചികിത്സയില്‍ ആയിരുന്നെന്നും പോറ്റി കോടതിയെ അറിയിച്ചു. കട്ടിളപ്പാളി കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. കേസില്‍ പിടിച്ചെടുത്ത സ്വര്‍ണവും കോടതിയില്‍ ഹാജരാക്കി.

കേസില്‍ നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റി വിറ്റ സ്വര്‍ണം ബെല്ലാരിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ദ്ധനായിരുന്നു പോറ്റി സ്വര്‍ണം വിറ്റത്. പോറ്റിയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ ഗോവര്‍ധന്റെ റൊദ്ദം ജ്വല്ലറി പൂട്ടിയ നിലയിലാണ്. എന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളയില്‍ തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്ന് ജ്വല്ലറി ഉടമ ഗോവര്‍ധന്‍ പറഞ്ഞു. 2019ലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയപ്പെട്ടത്. പുതിയ വാതില്‍ സംഭാവന ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഭാഗ്യമെന്ന് കരുതി ഏറ്റെടുത്തു. തട്ടിപ്പിലൂടെ നേടിയ സ്വര്‍ണമാണെന്ന് അറിയില്ലായിരുന്നുവെന്നും ഗോവര്‍ധന്‍ വ്യക്തമാക്കി.

By admin