
തിരുവനന്തപുരം:ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉള്‍പ്പെട്ട ധാരാളം ആള്‍ക്കാര്‍ കോണ്‍ഗ്രസുമായി നല്ല ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തട്ടെ.
ശബരിമല വിഷയത്തില്‍ കക്ഷിരാഷ്‌ട്രീയം നോക്കാതെ സര്‍ക്കാര്‍ നിലപാട് എടുത്തു.സ്വര്‍ണ കൊള്ളയില്‍ അറസ്റ്റിലായ പോറ്റിയും സ്വര്‍ണം വിറ്റ ഗോവര്‍ദ്ധനും സോണിയ ഗാന്ധിക്ക് ഒപ്പം നിന്ന ചിത്രം പുറത്ത് വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സോണിയ ഉപഹാരം സ്വീകരിക്കുന്നതാണ് ഒരു ചിത്രത്തില്‍ എങ്കില്‍ കൈയ്യില്‍ എന്തോ കെട്ടി കൊടുക്കുന്ന മറ്റൊരു ചിത്രവും ഉണ്ട്. പത്തനംതിട്ട എംപിയും അടൂര്‍ പ്രകാശും ചിത്രത്തില്‍ ഉണ്ട്. വലിയ സുരക്ഷയുള്ള സോണിയാഗാന്ധിയുടെ അപ്പോയിന്റ്‌മെന്റ് ലഭിക്കാനുള്ള കാലതാമസത്തെപ്പറ്റി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പരാതി പറഞ്ഞിട്ടുണ്ട്.നേരത്തെ കെ കരുണാകരന്‍ പോലും പരാതിപ്പെട്ടിട്ടുണ്ട്.
രാജ്യത്തെ മുന്‍നിര നേതാക്കള്‍ക്ക് പോലും ലഭിക്കാന്‍ പ്രയാസമുള്ള സോണിയയുടെ അപ്പോയിന്‍മെന്റ് എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കിട്ടിയത്.ആന്റോ ആന്റണിക്കും അടൂര്‍ പ്രകാശിനും ഗോവര്‍ദ്ധനവുമായി എന്തുതരം ബന്ധമാണുള്ളത്? പ്രതിപക്ഷ നേതാവും മുന്‍പ്രതിപക്ഷ നേതാവും ഇത് ജനങ്ങളോട് പറയണം.
ഇതൊക്കെ മറച്ചുവച്ചാണ് മറ്റു പ്രചരണങ്ങള്‍ നടത്തുന്നത്.പോറ്റിയെ കേറ്റിയേ പാട്ട് പരാതി വന്നപ്പോള്‍ കേസെടുത്തു. സര്‍ക്കാര്‍ നിലപാടാണ് പിന്നീട് നടപ്പായത്. ക്ഷേമാനുകൂല്യങ്ങള്‍ ഔദാര്യമല്ലെന്നും ജനങ്ങളുടെ അവകാശമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എം എം മണി പറഞ്ഞത് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.