• Tue. Mar 3rd, 2026

24×7 Live News

Apdin News

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Byadmin

Mar 3, 2026



തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരടക്കം പ്രതിയായതിന്റെ നാണക്കേട് മറയ്‌ക്കാന്‍ പുതിയ നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ പദ്ധതികള്‍. ശബരിമല തീര്‍ത്ഥാടനത്തിനായി പ്രത്യേക ബജറ്റ് അവതരിപ്പിക്കും. ഇന്നലെ ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് യോഗത്തിലാണ് തീരുമാനം.

ശബരിമല സ്വര്‍ണക്കൊള്ളയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പുകളും വിവാദമായ സാഹചര്യത്തിലാണ് ശബരിമലയിലെ സ്‌പോണ്‍സര്‍ഷിപ്പിലും ജാഗ്രത പാലിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്. ബോര്‍ഡ് ആവശ്യപ്പെടുന്ന കാര്യങ്ങള്‍ക്ക് മാത്രമായിരിക്കും സ്‌പോണ്‍സര്‍ഷിപ്പുണ്ടാവുക. ഇതിനായി സ്‌പോണ്‍സര്‍ഷിപ്പ് വേണ്ട കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തും. താത്പര്യം അറിയിക്കുന്നവരില്‍ നിന്ന് നേരിട്ട് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കും. ഇതിനായി ഇടനിലക്കാരുണ്ടാകില്ലെന്നും ദേവസ്വം ബാര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ശബരിമല തീര്‍ത്ഥാടനത്തിന് പ്രത്യേക ബജറ്റ് തയാറാക്കും. വരുമാനത്തിലെ ചോര്‍ച്ച അടക്കം തടയാന്‍ ഇതിലൂടെ കഴിയുമെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇടക്കിടയ്‌ക്ക് അഡ്വാന്‍സ് കൊടുക്കുന്ന രീതിയടക്കം മാറ്റി കൂടുതല്‍ പ്രൊഫഷണലായി കാര്യങ്ങള്‍ ചെയ്യാനാണ് തീരുമാനം. കച്ചവട സ്ഥാപനങ്ങള്‍ക്ക് പുതിയ ടെണ്ടര്‍ രീതി കൊണ്ടുവരും. ലേലത്തില്‍ എടുക്കുന്നവരുടെ കുത്തക ഒഴിവാക്കി കാര്യങ്ങള്‍ സുതാര്യമാക്കും. ശബരിമലയില്‍ വൃത്തി പോരെന്ന പരാതി നേരത്തെയുണ്ട്. തൂത്തുവാരലിന് അപ്പുറത്ത് ശുചിത്വം ഉറപ്പാക്കണം. ഇക്കാര്യത്തിലടക്കം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജയകുമാര്‍ പറഞ്ഞു.

 

By admin