• Wed. Nov 12th, 2025

24×7 Live News

Apdin News

ശബരിമല സ്വര്‍ണക്കൊള്ള ഉന്നത ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കണം, വാസുവിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍: രാജീവ് ചന്ദ്രശേഖര്‍

Byadmin

Nov 12, 2025



തിരുവനന്തപുരം: മുന്‍ ദേവസ്വം പ്രസിഡണ്ടും കമ്മീഷണറും ആയിരുന്ന എന്‍ വാസുവിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ മുഖം രക്ഷിക്കുവാനുള്ള തീരുമാനത്തിന്റെ ഭാഗം മാത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വാസുവിന്റെ അറസ്റ്റിലൂടെ മാളത്തില്‍ ഇരിക്കുന്ന പല ഉന്നതന്മാരെയും രക്ഷിക്കുവാനുള്ള സര്‍ക്കാരിന്റെ അജണ്ടയാണ് പുറത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയില്‍ സ്വര്‍ണം കടത്തിയ മുഴുവന്‍ പേരെയും പൊതുജനമധ്യത്തില്‍ കൊണ്ടുവരണം. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയെ കുറിച്ച് സംസ്ഥാനപൊലീസ് നടത്തുന്ന അന്വേഷണത്തില്‍ ജനങ്ങള്‍ക്കും വിശ്വാസികള്‍ക്കും തൃപ്തിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പൊലീസിന് പ്രധാനപ്രതികളിലേക്കെത്താന്‍ പരിമിതി ഏറെയുണ്ട്. അതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം മാത്രമാണ് പരിഹാരമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

സംസ്ഥാനത്ത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയാതെ ശബരിമലയിലെ കൊള്ള നടക്കില്ലെന്നും ആദ്യം പോറ്റി മാത്രമാണ് കുറ്റക്കാരനെന്ന് ജനങ്ങളെ പറഞ്ഞു പറ്റിച്ച സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ വന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന് മറ്റ് ഗത്യന്തരമില്ലാത്തതിനാല്‍ ആണ് വാസുവിനെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

 

By admin