• Tue. Oct 21st, 2025

24×7 Live News

Apdin News

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റി വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയെന്ന് ഹൈക്കോടതി

Byadmin

Oct 21, 2025


ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ വമ്പന്‍ സ്രാവുകളാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്ന് ഹൈക്കോടതി. എന്നാല്‍ വലിയ സംഘത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം ബോര്‍ഡ് പ്രസിഡന്റിന്റെയും ദേവസ്വം കമ്മിഷണറുടെയും നടപടികള്‍ സംശയകരമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പോറ്റിക്ക് അനുകൂലമായി ബോര്‍ഡ് പ്രസിഡന്റ് നിലപാടെടുത്തെത് നിസാരമായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൂടാതെ, രണ്ട് വര്‍ഷത്തെ കത്ത് ഇടപാടുകള്‍ എസ്‌ഐടി അന്വേഷിക്കണമെന്നും 500 ഗ്രാം സ്വര്‍ണം എങ്ങോട്ട് പോയി എന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ക്ക് അറിയാമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ചു.

അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കണമെന്നും എസ്‌ഐടിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. കേരള പൊലീസിന്റെ വിശ്വാസ്യതയെ മാത്രം ബാധിക്കുന്ന കാര്യമല്ല, ഹൈക്കോടതിയുടെ കൂടി വിശ്വാസ്യതയുടെ ഭാഗമെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

അടച്ചിട്ട കോടതി മുറിയില്‍ നേരിട്ട് ഹാജരായാണ് എസ്‌ഐടി മുദ്രച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ പുതിയ കേസെടുക്കും. അന്വേഷണം തുടങ്ങി 10 ദിവസം പൂര്‍ത്തിയായ സാഹചര്യത്തിലാണ് എസ്‌ഐടി തലവന്‍ എസ്. ശശിധരന്‍ ഐപിഎസ് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി അന്വേഷണ പുരോഗതി അറിയിച്ചത്.

ദേവസ്വം വിജിലന്‍സ് ഉദ്യോഗസ്ഥരും ഹൈക്കോടതിയില്‍ ഹാജരായി. അഭിഭാഷകരെയും മറ്റും ഒഴിവാക്കി എസ്‌ഐടി ഉദ്യോഗസ്ഥരും കോടതി ജീവനക്കാരും മാത്രമുള്ള അടച്ചിട്ട കോടതി മുറിയില്‍ ആയിരുന്നു നടപടികള്‍.

By admin