• Thu. Dec 4th, 2025

24×7 Live News

Apdin News

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടിക്കും സര്‍ക്കാരിനും തിരിച്ചടി

Byadmin

Dec 4, 2025



പത്തനംതിട്ട: സ്വര്‍ണക്കൊള്ള കേസില്‍ സമാന്തര അന്വേഷണത്തിന് ഹൈക്കോടതി ഇഡിക്കു നല്കിയ അനുമതി സംസ്ഥാന സര്‍ക്കാരിനും എസ്‌ഐടിക്കും തിരിച്ചടി. പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട എസ്‌ഐടിക്കു മേല്‍ ഇടതു സര്‍ക്കാര്‍ സമ്മര്‍ദമുള്ളതായി ഹൈക്കോടതിക്കു ബോധ്യമായതിനാലാണ് സമാന്തര അന്വേഷണത്തിന് ഇഡിയെ അനുവദിച്ചതെന്നാണ് സൂചന.

സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം വേണമെന്ന് ബിജെപിയും വിശ്വഹിന്ദു പരിഷത്തും വിവിധ ഹൈന്ദവ സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുതിര്‍ന്ന സിപിഎം നേതാവുമായ എ. പത്മകുമാറിന്റെ അറസ്റ്റോടെ കേസ് അന്വേഷണത്തിലുണ്ടായ മെല്ലെപ്പോക്കും ഹൈക്കോടതിയുടെ അതൃപ്തിക്ക് കാരണമായെന്നു കരുതണം.

ശബരിമലയില്‍ നിന്ന് അപഹരിച്ച സ്വര്‍ണത്തിന് വിശ്വാസ മൂല്യവും പുരാവസ്തു മൂല്യവുമുള്ളതിനാല്‍ കോടിക്കണക്കിനു രൂപയാണ് ലഭിക്കുക. വന്‍ സാമ്പത്തിക തട്ടിപ്പായിരുന്നു സ്വര്‍ണക്കടത്തു സംഘത്തിന്റെ ലക്ഷ്യമെന്ന് മനസിലാക്കിയാണ് ഇഡി മുന്‍കൂട്ടി അന്വേഷണത്തിനു തയാറായത്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിക്ക് കൈമാറാന്‍ ഹൈക്കോടതി അനുമതി വേണമെന്നായിരുന്നു റാന്നി കോടതി നിലപാട്. തടസം നീങ്ങിയതോടെ എസ്‌ഐടി ശേഖരിച്ച രേഖകള്‍ കൈമാറാന്‍ റാന്നി കോടതി ബാധ്യസ്ഥമാകും.

കേസുമായി ബന്ധപ്പെട്ട് നേരത്തേ ക്രൈം ബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത 3700/25 നമ്പര്‍ ദ്വാരപാലക കേസിലും 3701/25 നമ്പര്‍ കട്ടിളപ്പാളി കേസിലും ഉള്‍പ്പെട്ട എല്ലാ പ്രതികളെയും പൂര്‍ണമായും ചോദ്യം ചെയ്തിട്ടില്ല. 2019ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ ശങ്കരദാസ്, വിജയകുമാര്‍ എന്നിവരെ ചോദ്യം ചെയ്യുന്നതിലും അലംഭാവം പ്രകടമായി. ശങ്കരദാസിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ മകനും തൃശൂര്‍ ഡിഐജിയുമായ ഹരിശങ്കര്‍ എസ്‌ഐടിക്കു മേല്‍ സ്വാധീനം ചെലുത്തുന്നെന്ന പ്രചാരണവും ശക്തമായിരുന്നു.

സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം വന്നതിനാലാണ് പാളികള്‍ അഴിച്ച് ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈക്കു കൊടുത്തുവിടാന്‍ താന്‍ അനുമതി നല്കിയതെന്ന എ. പത്മകുമാറിന്റെ മൊഴിയും എസ്‌ഐടിയെ വെട്ടിലാക്കി. മൊഴിയില്‍ കൂടുതല്‍ അന്വേഷണം നടന്നില്ല. സര്‍ക്കാര്‍ സമ്മര്‍ദമാണ് ഇതിനെല്ലാം പിന്നിലെന്ന് മാധ്യമ വാര്‍ത്തകളും വന്നു. പാളികള്‍ സ്വര്‍ണം പൂശാന്‍ തന്നെ അനുവദിക്കണമെന്നു കാട്ടി പോറ്റി ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് സമര്‍പ്പിച്ച കത്തിനെപ്പറ്റിയും എസ്‌ഐടി അന്വേഷിച്ചില്ല. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് ഉന്നതങ്ങളില്‍ നിന്ന് എസ്‌ഐടിക്കു മേല്‍ സമ്മര്‍ദമുണ്ടായതെന്ന പൊതുനിരീക്ഷണം കോടതിയും കണക്കിലെടുത്തിരിക്കാം.

ഇഡി സമാന്തര അന്വേഷണം വേഗത്തിലാകുന്നത് എസ്‌ഐടിയുടെ വിശ്വാസ്യതയെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ മുഖം രക്ഷിക്കാനെങ്കിലും അന്വേഷണം വേഗത്തിലാക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ് എസ്‌ഐടി.

By admin