ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന കേസില്‍ കവര്‍ച്ചയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ദേവസ്വം മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് അടിവരയിടുന്ന പരാമര്‍ശമാണ് ഹൈകോടതിയില്‍ നിന്ന് ഉണ്ടായതെന്നും ദേവസ്വം ബോര്‍ഡിനെ പുറത്താക്കണമെന്നും വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ വലിയ സ്വര്‍ണകവര്‍ച്ചയാണ് നടന്നതെന്നും, മന്ത്രിക്കും ബോര്‍ഡിനും മോഷണത്തില്‍ പങ്കുണ്ടെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം പറഞ്ഞതെല്ലാം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഹൈകോടതി പരാമര്‍ശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2019ല്‍ വ്യാജ ചെമ്പുപാളിയുണ്ടാക്കി, ദ്വാരപാലക ശില്‍പം കോടീശ്വരന്മാര്‍ക്ക് വിറ്റ കഴിഞ്ഞ ഭരണ സമിതി കുറ്റക്കാരായി പ്രതിപ്പട്ടികയില്‍ വന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയോട് കൂടി വലിയ മോഷണം നടത്തിയതെന്ന് നിലവിലെ ഭരണസമിതിക്കും അറിയാമായിരുന്നു. എന്നിട്ടും, 2025ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ വിളിച്ചു വരുത്തുകയാണുണ്ടായത്. ഹൈകോടതി പുറത്തു വിട്ടത് ഞെട്ടിക്കുന്ന തെളിവുകളാണെന്നും വി ഡി സതീശന്‍ പറഞ്ഞു.
നിലവിലെ ദേവസ്വം പ്രസിഡന്റ് ഇടപെട്ടാണ് തിരുവാഭരണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കു തന്നെ കൊടുക്കണമെന്ന് നിര്‍ദേശിച്ചത്. ഹൈകോടതി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഈ വര്‍ഷം കൊണ്ടു പോയ ദ്വാരപാലക ശില്‍പവും വില്‍ക്കുമായിരുന്നു. 40 വര്‍ഷത്തെ വാറന്റിയുള്ള സാധനം ആറു വര്‍ഷത്തിനുള്ളില്‍ വീണ്ടും മങ്ങിയെന്നു പറഞ്ഞ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് വലിയൊരു കവര്‍ച്ചക്കുള്ള നീക്കമായിരുന്നെന്നും സതീശന്‍ പറഞ്ഞു.
ദേവസ്വം മാനുവലും, ഹൈകോടതി വിധിയും ലംഘിച്ചാണ് ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡ് ദ്വാരപാലക ശില്‍പം ശബരിമലയില്‍ നിന്നും പുറത്തുകൊണ്ടു പോയത്. വലിയ സ്വര്‍ണകവര്‍ച്ചയാണ് ശബരിമലയില്‍ നടന്നതെന്ന് ഹൈകോടതി വ്യക്തമാക്കി. ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും പങ്കുണ്ടെന്ന് വളരെ വ്യക്താമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തരമായി ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ബോര്‍ഡിനെ ചവിട്ടി പുറത്താക്കണം- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അയ്യപ്പന്റെ തങ്കവിഗ്രഹം മോഷ്ടിക്കാനാണ് സംഘം ഇത്തവണ ശ്രമിച്ചതെന്നും, അതാണ് ഹൈകോടതി ഇടപെട്ട് തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.