
ന്യൂദല്‍ഹി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാംപ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്.ഹൈക്കോടതി ജാമ്യം തള്ളിയ സാഹചര്യത്തിലാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
കേസില്‍ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു.ഇടവേളക്കുശേഷമാണ് ശബരിമല സ്വര്‍ണ തട്ടിപ്പ് കേസില്‍ അന്വേഷണസംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്.സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ശ്രീകുമാറിനെ എസ് ഐ ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ജാമ്യ അപേക്ഷ നേരത്തേ ഹൈക്കോടതി തള്ളിയിരുന്നു.
2019 -ല്‍ ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ എത്തിക്കുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍.ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്ഐടി നിഗമനം. എന്നാല്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം ഫയല്‍ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാര്‍ വാദിച്ചത്.