
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പിടിയിലായവരെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതിയുടെ നേതൃത്വത്തില്‍ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നതെന്നും കൂടുതല്‍ പ്രതികരിക്കാന്‍ താനില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എറണാകുളം പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദി പ്രസ് പരിപാടിയിലായിരുന്നു ഈ പ്രതികരണങ്ങള്‍.
സിപിഎം ആരേയും സംരക്ഷിക്കില്ലെന്ന് പറയുമ്പോഴും രണ്ടാഴ്ചയായി ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എയും മുതിര്‍ന്ന നേതാവുമായ പത്മകുമാറിനെ തള്ളാന്‍ മുഖ്യമന്ത്രി തയാറായില്ല. പത്മകുമാറിനെ ഇതുവരെ പുറത്താക്കാനുള്ള നടപടി പോലും പാര്‍ട്ടിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പുറത്താക്കുന്ന നടപടി എടുക്കണമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പത്മകുമാറുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്തു.
പിഎംശ്രീ പദ്ധതി വിവാദത്തില്‍ എംപി ജോണ്‍ ബ്രിട്ടാസിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയെടുത്തത്. പാര്‍ലമെന്റ് അംഗങ്ങള്‍ നാടിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടവരാണെന്നും ഇതിനായി അവര്‍ നിരന്തരം പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുന്നതായും അതില്‍ തെറ്റില്ലെന്നുമായിരുന്നു മറുപടി. കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആക്കിയതിനെതിരെ സംസ്ഥാന കാര്‍ഷിക ഉത്പാദന കമ്മിഷണര്‍ ഡോ. ബി. അശോക് തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ച നടപടി ശരിയായില്ല. ഐഎംജി ഡയറക്ടറായിരിക്കെ സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരമാണ് കെ. ജയകുമാര്‍ ദേവസ്വം ബോര്‍ഡില്‍ സ്ഥാനമേറ്റത്. അദ്ദേഹം റിട്ട. ഉദ്യോഗസ്ഥനും പൊതുസ്വീകാര്യതയുള്ളയാളുമാണെന്നും, ഇതെല്ലാം പരിഗണിച്ചാണ് സര്‍ക്കാര്‍ നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക വൈകൃതക്കാരനാണ്. ഭാവിയിലെ നിക്ഷേപമെന്ന് പറഞ്ഞാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് ഇതുവരെ സംരക്ഷിച്ചത്. പോലീസിന്റെ കണ്ണുവെട്ടിച്ച് സംരക്ഷണമൊരുക്കുന്ന നടപടികള്‍ ഉണ്ടാകുന്നുണ്ട്. ബോധപൂര്‍വം സംരക്ഷിക്കാനുള്ള നടപടി എടുത്തതായി തന്നെ സംശയിക്കണം. ഇത്തരം നടപടികള്‍ ആദ്യം ഉപേക്ഷിക്കണമെന്നും മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് പുറത്ത് വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൡലേക്കുള്ള തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാണോ എന്ന ചോദ്യത്തിന് സര്‍ക്കാരിനെ ജനം ദിനവും വിലയിരുത്തുന്നുണ്ടെന്നായിരുന്നു മറുപടി. എല്ലാ സമയത്തും അത് നടക്കുന്നുണ്ട്. അവസാനമായി വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അത് ജനം വിലയിരുത്തുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
കിഫ്ബി ആര്‍ബിഐയുടെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉയര്‍ന്നുവരുന്ന ആരോപണം ശരിയല്ല. കിഫ്ബി ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം തന്റെ സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസും ജമാ അത്തെ ഇസ്ലാമിയും തമ്മിലുള്ള പരസ്യ ബന്ധത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു.
നാമമാത്രമായ വിഭാഗങ്ങള്‍ മാത്രമെ ജമാ അത്തെ ഇസ്ലാമിയിലുള്ളു. മുസ്ലിം ബഹുജന സംഘടനകളുടെ പ്രവര്‍ത്തനരീതിയല്ല അവര്‍ക്ക്. ഇവരെ കൂട്ടുപിടിക്കുകയെന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായ നിലപാടാണ്. മുഖ്യമന്ത്രി പറഞ്ഞു. പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍. ഗോപകുമാര്‍, സെക്രട്ടറി എം. ഷജില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.