
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെയും സ്വര്‍ണ വ്യാപാരി ഗോവര്‍ധനെയും ജനുവരി ഒന്നുവരെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സിഎസ് മോഹിതിന്റെ മുമ്പാകെ വെളിയാഴ്ച രാത്രി 10.30ഓടെയാണ് പ്രതികളെ ഹാജരാക്കിയത്.
സ്വര്‍ണക്കൊള്ളയില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് പങ്കുണ്ടെന്ന വിലയിരുത്തലിലാണ് അറസ്റ്റ്. ശബരിമലയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയ സ്വര്‍ണപ്പാളി വേര്‍തിരിച്ചത് പങ്കജ് ഭണ്ടാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. വേര്‍തിരിച്ച സ്വര്‍ണം കല്‍പ്പേഷ് എന്ന ഇടനിലക്കാരന്‍ വഴി സ്വര്‍ണ വ്യാപാരി ഗോവര്‍ദ്ധനന് നല്‍കിയെന്നും എസ്ഐടി കണ്ടെത്തിയിരുന്നു.
ബെല്ലാരിയില്‍ നടന്ന തെളിവെടുപ്പില്‍ 800 ഗ്രാമിലധികം സ്വര്‍ണം ഗോവര്‍ദ്ധന്റെ ജ്വല്ലറിയില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തി. പിന്നാലെ വീണ്ടും ചോദ്യം ചെയ്തപ്പോള്‍ കണ്ടെത്തിയ പൊരുത്തക്കേടുകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും എസ്ഐടി അറസ്റ്റ് ചെയ്തത്.