
പത്തനംതിട്ട: ശ്രീകോവിലിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ വിശ്വാസമൂല്യം കണക്കാക്കി കോടികള്‍ക്ക് വിറ്റിരിക്കാനുള്ള സാധ്യത ഇതുവരെ തെളിഞ്ഞിട്ടില്ലെന്ന വാദമാണ് ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ എസ്‌ഐടി കോടതിയില്‍ ഉയര്‍ത്തുക. തിരുവനന്തപുരം വിഎസ്എസ്‌സി ലാബിലെ പരിശോധനാ ഫലം വരുംമുമ്പേ ഈ നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത് കേസ് അപ്പാടെ അട്ടിമറിക്കപ്പെടുന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കേസുമായി ബന്ധപ്പെട്ട പ്രധാന പ്രതികളില്‍ പലരേയും ചോദ്യം ചെയ്യാന്‍ ബാക്കിയുണ്ട്. നാലാം പ്രതി ദേവസ്വം മുന്‍ സെക്രട്ടറി എസ്. ജയശ്രീ, എട്ടാം പ്രതി മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്ര പ്രസാദ്, പത്താം പ്രതി മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍ എന്നിവരെയൊന്നും ഇനിയും ചോദ്യം ചെയ്തിട്ടില്ല. കേസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രാഷ്‌ട്രീയനേതാക്കളിലേക്ക് അന്വേഷണം എത്തിയിട്ടുമില്ല.
തൊണ്ടിമുതലായ സ്വര്‍ണം നഷ്ടമായ വഴിയും തെളിവു സഹിതം കണ്ടെത്തിയിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് സോണിയയും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നിരുന്നു. എന്നാല്‍ ഇവരുമായി പോറ്റിക്കുള്ള ബന്ധവും അന്വേഷണ വിധേയമാക്കിയില്ല. അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് ആ വഴിക്കുള്ള അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. സ്വര്‍ണം പോയ വഴി തേടുന്നതിന് പോറ്റിയില്‍ നിന്നും ഒരിക്കല്‍ കൂടി മൊഴി രേഖപ്പെടുത്താനും നീക്കമുണ്ട്. അതിനുശേഷമാവും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. കോടതി ഉത്തരവിലൂടെ കേസ് സിബിഐക്ക് കൈമാറുന്നില്ലെങ്കില്‍ സ്വര്‍ണക്കൊള്ളയിലെ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടാനാണ് ഇപ്പോഴത്തെ നിലയില്‍ സാധ്യത.