
സജിത്ത് പരമേശ്വരന്‍
പത്തനംതിട്ട: എ. പദ്മകുമാര്‍ പ്രസിഡന്റായ ദേവസ്വം ഭരണ സമിതിയുടെ അറിവോടെയാണ് മുന്‍ ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സ്വര്‍ണക്കൊള്ളയ്‌ക്ക് കളമൊരുക്കിയതെന്ന് ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം.
കഴിഞ്ഞ ദിവസം അറസ്റ്റിലായ മുന്‍ ബോര്‍ഡ് പ്രസിഡന്റ് വാസുവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം. കൊള്ളയ്‌ക്ക് മുമ്പ് കൃത്യമായ ഗൂഢാലോചന നടന്നതായും എസ്‌ഐടി വ്യക്തമാക്കുന്നു. കട്ടിളപ്പാളി കേസില്‍ മാത്രം എട്ടാം പ്രതിസ്ഥാനത്തുള്ള ദേവസ്വം ബോര്‍ഡിനെയും, വാസുവിനെയും ദ്വാരപാലക ശില്‍പ പാളി കടത്തിലും പ്രതി ചേര്‍ക്കുമെന്നും അറിയുന്നു. രണ്ട് കേസിലും ദേവസ്വം ബോര്‍ഡിനും വാസുവിനും സമാന കുറ്റമാണ്.
ദ്വാരപാലക ശില്‍പ പാളികള്‍ കടത്തുമ്പോള്‍ താന്‍ കമ്മിഷണറോ പ്രസിഡന്റോ ആയിരുന്നില്ലെന്നാണ് വാസു പറയുന്നത്. എന്നാല്‍ ഇതിന് വഴിയൊരുക്കിയത് വാസുവും അന്നത്തെ ബോര്‍ഡും ഒരുമിച്ചായിരുന്നെന്നാണ് എസ്‌ഐടി കണ്ടെത്തല്‍.
വാസു ഒരുക്കിയ അട്ടിമറിക്ക് ദേവസ്വം ബോര്‍ഡ് കൂട്ടുനിന്നെന്ന് വ്യക്തമാക്കുന്ന കണ്ടെത്തലാണിത്. അതിനാല്‍ എ. പദ്മകുമാറിന്റെയും അംഗം കെ.പി. ശങ്കരദാസിന്റെയും അറസ്റ്റ് ഉടനുണ്ടായേക്കും, ഇതിനോടകം രണ്ടു തവണ എസ്‌ഐടി ശങ്കരദാസിനെ ചോദ്യം ചെയ്തിരുന്നു.
വാസുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം ബോര്‍ഡ് അംഗങ്ങളിലേക്ക് തിരിഞ്ഞാല്‍ മതിയെന്ന തീരുമാനത്താലാണ് ശങ്കരദാസിനെ രണ്ടുതവണയും അറസ്റ്റ് ചെയ്യാതിരുന്നത്. മുന്‍ പ്രസിഡന്റ് എ. പദ്മകുമാറിന്, ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു കാണിച്ച് കഴിഞ്ഞ ദിവസം രണ്ടാമതും എസ്‌ഐടി നോട്ടീസ് അയച്ചു. ഇന്ന് പദ്മകുമാര്‍ എസ്‌ഐടിക്കു മുന്നില്‍ ഹാജരാകുമെന്നാണ് സൂചന.