
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവ് ബിജെപിയുടെ പോരാട്ടത്തിലെ വലിയ വിജയമാണെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ ഈ വന്‍ കൊള്ളയില്‍ സത്യം പുറത്തുവരണമെങ്കില്‍ കേന്ദ്ര ഏജന്‍സിയുടെ സ്വതന്ത്ര അന്വേഷണം തന്നെ വേണം. ആ നിശ്ചയദാര്‍ഢ്യത്തോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ശബരിമലയിലെ കൊള്ളയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെറുമൊരു ‘വീഴ്ച’ എന്ന് നിസാരവത്കരിക്കുന്നത് ആരെ സംരക്ഷിക്കാനാണ്? ഭരണകൂടം തന്നെ കൊള്ളക്കാര്‍ക്ക് കുടപിടിക്കുമ്പോള്‍ ഈ സര്‍ക്കാരിന്റെ ഒരു അന്വേഷണവും ആര്‍ക്കും വിശ്വാസമില്ല.
കോണ്‍ഗ്രസ് തുടങ്ങിവെച്ച ഈ കള്ളക്കളികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് നടത്തുകയായിരുന്നു. രണ്ട് മുന്നണികളും ചേര്‍ന്നുള്ള ഒത്തുകളി തുറന്നുകാട്ടാന്‍ വിട്ടുവീഴ്ചയില്ലാത്ത കേന്ദ്ര അന്വേഷണം അനിവാര്യമാണ്. പുണ്യക്ഷേത്രത്തെ കൊള്ളയടിക്കുകയും കോടിക്കണക്കിന് ഹിന്ദു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത ഓരോരുത്തരെയും അഴിയെണ്ണിക്കും വരെ പോരാട്ടം തുടരുമെന്നും രാജീവ് ചന്ദ്രശേഖര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.