
പത്തനംതിട്ട:ശബരിമല സ്വര്‍ണക്കൊള്ളയില്‍ ശാസ്ത്രീയ പരിശോധനയ്‌ക്ക് ശ്രീകോവിലിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം, തൂണുകള്‍ എന്നിവിടങ്ങളില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുന്നത് പൂര്‍ത്തിയായി.രണ്ട് ദിവസം കൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്.
ലീഗല്‍ മെട്രോളജിയുടെ ഗോള്‍ഡ് അസെസ്‌മെന്റ് വിഭാഗവും പ്രത്യേക അന്വേഷണ സംഘത്തിനൊപ്പമുണ്ടായിരുന്നു. നേരത്തേ ഒരു തവണ സാമ്പിള്‍ ശേഖരിച്ച് പരിശോധിച്ചിരുന്നെങ്കിലും വിഎസ്എസ്‌സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തയില്ലായിരുന്നു.ഇതാണ് ഹൈക്കോടതി അനുമതിയോടെ വീണ്ടും ശാസ്ത്രീയ പരിശോധനയ്‌ക്ക് തീരുമാനിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ അളവില്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.
നഷ്ടമായ സ്വര്‍ണത്തിന്റെ അളവും കാലപ്പഴക്കവും കണ്ടെത്തുകയാണ് ലക്ഷ്യം.മുംബയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററില്‍ സാമ്പിള്‍ പരിശോധന നടത്തുമെന്നാണ് അറിയുന്നത്.