
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആസ്ഥാനത്ത് ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്. തന്ത്രി ദേവസ്വം ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും അഴിമതി നിരോധന പരിധിയിലും തന്ത്രി ഉൾപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
തന്ത്രി നൽകിയ അനുമതികളിൽ മൂന്നെണ്ണം സംശയാസ്പദമാണെന്നാണ് എസ് ഐ ടിയുടെ റിപ്പോർട്ടിലുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് തന്ത്രിയാണെന്ന് കേസിൽ നേരത്തെ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ എ പത്മകുമാറടക്കം മൊഴി നൽകിയിരുന്നു. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് തന്ത്രിയെ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്ഞയും നൽകുകയാണു ചെയ്തിരുന്നുവെന്നും ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവരര് പറഞ്ഞിരുന്നു.